മലയാളം മിനിസ്ക്രീൻ താരം അമൃത നായരുടെ വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഒക്ടോബർ 29ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽവെച്ചായിരുന്നു ബിസിനസുകാരനായ അഖിലുമായുള്ള അമൃതയുടെ വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു താലികെട്ട്. പിന്നാലെ നടന്ന വിവാഹസൽക്കാരത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിവാഹത്തിൽ അമൃതയ്ക്കൊപ്പം ശ്രദ്ധാകേന്ദ്രമായത് നടിയും അടുത്ത സുഹൃത്തുമായ റബേക്ക സന്തോഷായിരുന്നു. കൂട്ടുകാരിയുടെ വിവാഹദിനത്തിൽ റബേക്ക തിരഞ്ഞെടുത്ത വസ്ത്രത്തിലെ പ്രത്യേകതയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ബ്ലൗസിന്റെ പിന്നിൽ ‘എന്റെ അമ്മുവിന്റെ കല്യാണം’ എന്ന വാചകം മനോഹരമായ എംബ്രോയ്ഡറിയിലൂടെ ആലേഖനം ചെയ്തിരുന്നു.
അമൃത തനിക്ക് വെറുമൊരു സുഹൃത്തോ സഹപ്രവർത്തകയോ അല്ലെന്നും സഹോദരിയെപ്പോലെ പ്രിയപ്പെട്ടവളാണെന്നും റബേക്ക വ്യക്തമാക്കിയിരുന്നു. ആ അടുപ്പം പ്രകടിപ്പിക്കാനാണ് ഇത്തരമൊരു പ്രത്യേക വസ്ത്രം ഒരുക്കിയതെന്നും താരം പറഞ്ഞു. സുഹൃത്തിന്റെ വിവാഹദിനത്തെ കൂടുതൽ ഹൃദ്യമാക്കിയ റബേക്കയുടെ ഈ സർപ്രൈസ് ലുക്കിന് സമൂഹമാധ്യമങ്ങളിൽ മികച്ച ശ്രദ്ധയാണ് ലഭിക്കുന്നത്.

