Spread the love

ലഖ്നൗ: 45 വയസ്സിന്റെ പ്രായവ്യത്യാസം. വരൻ 75-കാരൻ, വധു 30-കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ഉത്തർപ്രദേശിലെ ഔറയ്യയിൽ നിന്നുള്ള ഈ വിവാഹവാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇരുവരുടെയും വിവാഹനിശ്ചയ ദൃശ്യങ്ങൾ വൈറലായതോടെ അനുകൂലിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്.

സഹർ സ്വദേശിയായ രാംസുഘറും ദയാൽപൂർ സ്വദേശിനിയായ റീന രജ്പുതുമാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. ഔറയ്യയിലെ ഒരു ബ്യൂട്ടി പാർലറിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. നവരാത്രി ആഘോഷങ്ങൾക്ക് ശേഷം പരമ്പരാഗത രീതിയിൽ വിവാഹം നടത്താനാണ് കുടുംബങ്ങളുടെ തീരുമാനം.

വിവാഹനിശ്ചയത്തിന്റെ വീഡിയോ റീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്നും ഇരുവരുടെയും തീരുമാനത്തെ മാനിക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം. അതേസമയം, സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ നേടാനുള്ള പബ്ലിസിറ്റി സ്റ്റണ്ടാണിതെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി റീന തന്റെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും രാംസുഘർ പറഞ്ഞു. യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററായ മകൾ രാധയ്ക്കൊപ്പമുള്ള വീഡിയോകൾ ചിത്രീകരിക്കാനാണ് റീന വീട്ടിലെത്തിയിരുന്നത്.

പ്രായവ്യത്യാസം തങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്നും സന്തോഷത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതെന്നും റീന വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും വിവാഹവാർത്തയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.