Spread the love

വിവാഹനിശ്ചയം കഴിഞ്ഞിട്ട് രണ്ട് വർഷം. എന്നിട്ടും പ്രിയപ്പെട്ടവൾക്കായി മനോഹരമായൊരു പ്രൊപ്പോസൽ നിമിഷം ഒരുക്കാൻ മറന്നില്ല റോഷൻ. പ്രതിശ്രുത വരൻ നൽകിയ അപ്രതീക്ഷിത സമ്മാനത്തിന്റെയും പ്രൊപ്പോസലിന്റെയും വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി അഞ്ജു കുര്യൻ. റോഷൻ നൽകിയ ഡയമണ്ട് മോതിരവും സർപ്രൈസ് നിമിഷങ്ങളും സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

വിവാഹനിശ്ചയം കഴിഞ്ഞവരാണെങ്കിലും തനിക്കായി മറ്റൊരു പ്രൊപ്പോസൽ നിമിഷം ഒരുക്കാൻ റോഷൻ ശ്രമിച്ചതാണ് ഈ അനുഭവത്തെ ഏറെ സവിശേഷമാക്കിയതെന്ന് അഞ്ജു പറയുന്നു. സ്നേഹത്തിന് കൃത്യമായ സമയക്രമങ്ങളോ നിർബന്ധമായ ഘട്ടങ്ങളോ ആവശ്യമില്ലെന്നും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ അപ്രതീക്ഷിതമായും സംഭവിക്കാമെന്നും താരം കുറിച്ചു.

അഞ്ജുവിന്റെ വാക്കുകൾ:

“ഞങ്ങളുടെ വിവാഹനിശ്ചയം ഇതിനോടകം കഴിഞ്ഞതാണ്. എന്നിട്ടും എനിക്കായി മാത്രം മറ്റൊരു പ്രൊപ്പോസൽ നിമിഷം ഒരുക്കാൻ അവൻ ഒരു വഴി കണ്ടെത്തി. അതുകൊണ്ടാണ് ഈ നിമിഷം എനിക്ക് ഇത്രയധികം പ്രത്യേകതയുള്ളതായി തോന്നുന്നത്. സ്നേഹം എപ്പോഴും ഒരു പ്രത്യേക ക്രമം പാലിക്കണമെന്നില്ല. അതിന് സമയപരിധികളോ നിയമങ്ങളോ ജീവിതത്തിലെ ഒരു നിശ്ചിത ഘട്ടത്തിൽ സംഭവിക്കേണ്ട കാര്യങ്ങളുടെ പട്ടികയോ ആവശ്യമില്ല.”

ഒരു യാത്രയ്ക്കിടെയാണ് റോഷൻ അഞ്ജുവിന് ഡയമണ്ട് മോതിരം നൽകി അപ്രതീക്ഷിതമായി പ്രൊപ്പോസ് ചെയ്തത്. ഈ മനോഹര നിമിഷത്തിന്റെ ചിത്രങ്ങൾ അഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. റോഷൻ മോതിരം സമ്മാനിക്കുന്ന വിഡിയോയും ആരാധകർക്കിടയിൽ ശ്രദ്ധ നേടി.

പല ദിവസങ്ങളിലായി അഞ്ജുവിനെ കാണിക്കുന്ന ദൃശ്യങ്ങളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. അഞ്ജുവിന് മോതിരം നൽകാനുള്ള അനുയോജ്യമായ അവസരത്തിനായി കാത്തിരിക്കുകയാണ് റോഷൻ. ഇതൊന്നും അറിയാതെ സ്വന്തം ജോലികളിൽ മുഴുകിയിരിക്കുകയാണ് അഞ്ജു. ഒടുവിൽ അഞ്ജുവിന് മുന്നിൽ മുട്ടുകുത്തി നിന്ന് മോതിരം സമ്മാനിക്കുന്ന റോഷനെയും സർപ്രൈസ് കണ്ട് അമ്പരന്നുപോകുന്ന അഞ്ജുവിനെയും വിഡിയോയിൽ കാണാം.

രണ്ട് വർഷം മുമ്പാണ് അഞ്ജു കുര്യന്റെയും റോഷന്റെയും വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു അത്.