Spread the love

തിരുവനന്തപുരം : വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തുനിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് മായ പിടിയിലായത്.

വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.

അർമേനിയ, പോളണ്ട് എന്നിവിടങ്ങളിൽ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്നാണ് പരാതി. ഏകദേശം 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് എഫ്‌ഐആറിൽ പറയുന്നത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പാർവതി മായയാണ് ഒന്നാം പ്രതി.

കോട്ടയത്ത് രജിസ്റ്റേർഡ് ഓഫിസുള്ള ആംസ്റ്റർ ഓവർസീസിന് കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലും വിദേശരാജ്യങ്ങളായ ഒമാൻ, യുഎഇ, ബഹ്റൈൻ, നേപ്പാൾ എന്നിവിടങ്ങളിലും ശാഖകളുണ്ടെന്നാണ് വിവരം.

സമാന സ്വഭാവമുള്ള മറ്റ് രണ്ട് തട്ടിപ്പ് കേസുകളിലും പാർവതി മായ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കേസുകളിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.