പട്ന : ബിഹാറിൽ വീണ്ടും പെൺകുട്ടിക്കുനേരെ അതിക്രമം. ജാമുയിയിൽനിന്ന് ഏകദേശം 131 കിലോമീറ്റർ അകലെയുള്ള സമസ്തിപുരിലെ ജഗത്‌സിങ്പുർ ഗ്രാമത്തിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയും സുഹൃത്തായ ആൺകുട്ടിയും വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ചിത്രങ്ങളെടുക്കാനായി റോഡരികിൽ വാഹനം നിർത്തിയപ്പോഴാണ് ഒരു സംഘം യുവാക്കൾ ഇവരെ വളഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പെൺകുട്ടിയെ അപമാനിക്കുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്തതായി ആരോപണമുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. വിഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കേസിൽ പ്രാഥമിക റിപ്പോർട്ടും തയാറാക്കിയിട്ടുണ്ട്.
ജാമുയിയിൽ ഏതാനും ദിവസം മുൻപ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും സംഘം തടഞ്ഞുനിർത്തി അതിക്രമം നടത്തിയ സംഭവവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജാമുയി സംഭവത്തിന് പിന്നാലെ സമസ്തിപുരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തത് ബിഹാറിലെ സ്ത്രീസുരക്ഷ സംബന്ധിച്ച് വീണ്ടും ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

