Spread the love

പട്ന: ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും റോഡിൽ തടഞ്ഞുനിർത്തി ആൾക്കൂട്ടം ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെൺകുട്ടിയെ ചിലർ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിന്റെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കൈകൾ കൂപ്പി അപേക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്.

ശനിയാഴ്ച രാത്രി ജാമുയിയിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ പുറത്തുപോയ വിദ്യാർഥികളെ റോഡിൽവച്ച് ഒരു സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും ആക്രമിക്കുകയും പെൺകുട്ടിയോട് ചിലർ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ജാമുയിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരുമെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിച്ചു. ഒരു പെൺകുട്ടി തന്നെ ഉപദ്രവിക്കുന്നവരോട് വിട്ടയക്കണമെന്ന് അപേക്ഷിക്കുന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, ഇത്തരം പെരുമാറ്റത്തിന് ആരാണ് പുരുഷന്മാർക്ക് അധികാരം നൽകിയതെന്ന് എക്സിൽ ചോദിച്ചു.

ഇത് സംസ്കാരമല്ലെന്നും സ്ത്രീയുടെ ശരീരത്തിലും സഞ്ചാരസ്വാതന്ത്ര്യത്തിലും തീരുമാനങ്ങളിലുമെല്ലാം നിയന്ത്രണം സ്ഥാപിക്കാമെന്ന പുരുഷാധിപത്യ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട സംഭവമായതിനാൽ പോക്സോ നിയമപ്രകാരം പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വൈകിട്ട് ഏഴ് മണിയോടെ പോലും ഒരു പെൺകുട്ടിക്ക് പൊതുനിരത്തിൽ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം എന്തുകൊണ്ടാണെന്ന് ബിഹാർ സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബിഹാർ മന്ത്രി സുനിൽകുമാർ പ്രതികരിച്ചു. എന്നാൽ ഒരു സംഭവത്തിന്റെ പേരിൽ ബിഹാറിലാകെ സമാനമായ സാഹചര്യമാണെന്ന് ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് നടപടി ശക്തമാക്കിയിരിക്കുന്നത്.