Spread the love

നീലേശ്വരം: കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബസിന്റെ പ്ലാറ്റ്ഫോം തകർന്നുവീണ് യാത്രക്കാരിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷ (39)യ്ക്കാണ് ഇടതുകാലിന് എല്ലുപൊട്ടിയത്.

പയ്യന്നൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് പടന്നക്കാട് ഐങ്ങോത്ത് ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം.

ബസിന്റെ പിൻഭാഗത്തെ ടയർ അപ്രതീക്ഷിതമായി പൊട്ടിയതോടെ വലിയ ശബ്ദമുണ്ടായി. ഇതിന് പിന്നാലെയാണ് ടയറിന് മുകളിലായുള്ള പ്ലാറ്റ്ഫോം തകർന്നത്. ഈ ഭാഗത്തോട് ചേർന്ന സീറ്റിലിരുന്ന കുഞ്ഞായിഷ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഇടതുകാലിന് ഗുരുതരമായി പരുക്കേറ്റു. എല്ല് പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു പരുക്ക്.

സംഭവത്തെ തുടർന്ന് ബസിലെ കെഎസ്ആർടിസി ജീവനക്കാർ തന്നെ കുഞ്ഞായിഷയെ ആശുപത്രിയിലെത്തിച്ചു. പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

കുഞ്ഞായിഷയും ഭർത്താവും തയ്യൽത്തൊഴിലാളികളാണ്. അപകടവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.