ഇന്ന് വിനായക ചതുര്‍ത്ഥി. സംസ്ഥാനത്തെ ഗണപതി ക്ഷേത്രങ്ങളിലടക്കം വിശേഷാല്‍ ഗണപതിഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പൂജകള്‍, വഴിപാടുകള്‍ എന്നിവ നടക്കും. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രം, കോട്ടയം മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, സൂര്യകാലടി എന്നീ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടുകളുമാണ്. മള്ളിയൂരില്‍ എട്ടുദിവസത്തെ വിനായകചതുര്‍ഥി മഹോത്സവത്തിലെ പള്ളിവേട്ട ദിനമാണ് ഇന്ന്. 13 ഗജവീരന്മാരുടെ ആനയൂട്ട്, 10,008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം പെരുവനം കുട്ടന്മാരാര് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ എന്നിവരുടെ നേതൃത്വത്തിലുളള മേളം ഇവ ഈ ദിനത്തിന്റെ പ്രത്യേകതയാണ്.
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥി ദിനമാണ് വിനായക ചതുര്‍ത്ഥിയായി ആചരിക്കുന്നത്. ചതുര്‍ത്ഥി ദിവസം ഗണപതി ഹോമം നടത്തുന്നത് സര്‍വ സങ്കടങ്ങളെയും ശമിപ്പിക്കുമെന്നും ഐശ്വര്യം പ്രദാനം ചെയ്യുമെന്നുമാണ് വിശ്വാസം. അഷ്ടദ്രവ്യങ്ങള്‍ ഹോമിച്ച് ഗണപതിയെ പ്രസാദിപ്പിച്ചാല്‍ അതിന്റെ ഗുണാനുഭവങ്ങള്‍ ഒരു വര്‍ഷക്കാലം നിലനില്ക്കും എന്നും വിശ്വാസമുണ്ട്. ഉണങ്ങിയ നാളികേരം, പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, അട, മലര് എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍.

