Spread the love

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോർഡ് ഡയറക്ടർമാർ നാളെ ഉത്തരേന്ത്യയിലേയ്ക്ക് തിരിക്കുമെന്നാണ് വിവരം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തും.

 

ഇന്ന് രാവിലെ ചേർന്ന കെഎസ്ഇബി ഉന്നതതലയോഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ബോർഡിന്റെ തീരുമാനം.

 

അതേസമയം, സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാൻ മാന്ത്രികവടിയൊന്നും കൈവശമില്ലെന്ന് കെഎസ്ഇബി ചെയർമാനും എംഡിയുമായ എംജി രാജമാണിക്യം പ്രതികരിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി തരണം ചെയ്യാനുള്ള ഏക പോംവഴി ഉപഭോക്താക്കൾ സ്വയം നിയന്ത്രണം പാലിക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.