മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജന്മഭൂമി മുന്‍ റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ ( 72) അന്തരിച്ചു. വീഴ്ച്ചയെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രാവിലെ 8 മണി മുതല്‍ തൈക്കാട്
ജന്മഭൂമി ഓഫീസിലും 11 മണി മുതല്‍ പ്രസ് ക്ലബിലും പൊതുദര്‍ശനം. 12 മണിയോടെ തിരുമല അരയല്ലൂര്‍ വടകര നഗറിലെ പ്രകുലം വീട്ടിലെത്തിക്കും. കണ്ണൂര്‍ സ്വദേശിയാണ്. അഞ്ചു പതിറ്റാണ്ടായി ജന്മഭൂമിയുടെ തലസ്ഥാനത്തെ മുഖമാണ്.തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ വീണു. രാത്രിയോടെ ബോധക്ഷയമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം.
1968-ലെ തളിപ്പറമ്പില്‍ ഗുരുജി ഗോള്‍വാള്‍ക്കര്‍ പങ്കെടുത്ത ആര്‍എസ്എസ് ശിബിരത്തില്‍ പങ്കെടുത്തു. ഉറച്ച സ്വയം സേവകനായിമാറി. ഹൈസ് കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്ത കനായി കാസര്‍കോട്, കണ്ണൂര്‍ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു.അടിയന്തരാവസ്ഥയ്ക്കു ശേഷം യുവജനത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുവമോര്‍ച്ചയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി ആയിരുന്നു. പേരാവൂര്‍, കണ്ണൂര്‍ നിയോജക മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.
ദീര്‍ഘകാലമായി ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കണ്‍വീനര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍, കണ്ണൂര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, ടെലികോം അഡൈ്വസറി ബോര്‍ഡ് അംഗം, പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കെ.ജി. മാരാരുടെ ജീവ ചരിത്രം (കെ.ജി. മാരാര്‍ ഒരു സ്‌നേഹ സാഗരം, കെ.ജി. മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം), മറുപുറം, അടല്‍ജി എന്ന വിസ്മയം, കേരളത്തിലെ രാഷ്ട്രീയ ചരിത്രം എന്നീ പുസ്തകങ്ങള്‍ രചിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനുള്ള നിയമസഭയുടെ ആദരം ലഭിച്ചിട്ടുണ്ട്. കൂടാതെ ബി.കെ. ശേഖര്‍ പുരസ്‌കാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്‌കാരം, ഗുരുജി സേവാസമിതി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ കുട്ടാവ് ഗ്രാമത്തിലാണ് 1954-ല്‍ ജനിച്ചത്. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിര താമസം.
ഭാര്യ: പരേതയായ പ്രേമജ. മക്കള്‍: പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ഞില.മരുമകന്‍: രതീഷ് അനിരുദ്ധന്‍ (മാതൃഭൂമി ന്യൂസ്). കൊച്ചുമക്കള്‍: ഗൗതമി, ബാലാമണി.

