Spread the love

ആകസ്മിക വേർപാടിലും ജിജോ ജോണിനെ വേട്ടയാടി രക്തദാഹികൂട്ടത്തിന്റെ സൈബർ ചാവേർ ആക്രമണം

കൊച്ചി: നിർഭയമായ അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ കേരളത്തിലെ മാധ്യമരംഗത്ത് ശ്രദ്ധേയനായിരുന്ന മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റായ ജിജോ ജോൺ പുത്തേഴത്തിനെ മരണശേഷവും പിന്തുടർന്ന് സൈബർ ആക്രമണം. ആകസ്മികമായ വേർപാടിൽ തളർന്നു പോയ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദനയ്ക്കിടയിലും ജിജോയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായത്.

വിവാദമായ സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാട്, നയതന്ത്ര ഇടനാഴിയിലൂടെയുള്ള സ്വർണ്ണ കടത്ത് കേസ് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ജിജോ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടുകൾ നേരത്തെയും വലിയ രാഷ്ട്രീയചർച്ചകൾക്ക് വഴിവച്ചിരുന്നു. വിദേശബന്ധമുള്ള കോടികളുടെ സാമ്പത്തിക ഇടപാടുകളും തട്ടിപ്പുകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അദ്ദേഹം ഒരു വിഭാഗം രാഷ്ട്രിയ പ്രവർത്തകരുടെ കണ്ണിലെ കരടായിരുന്നു.

കടുത്ത ഹൃദയാഘാതത്തെ തുടർന്നാണ് ബുധനാഴ്ച ജിജോ ജോൺ അന്തരിച്ചത്. മലയാള മനോരമയുടെ പ്രത്യേക ലേഖകനായിരുന്ന ജിജോയുടെ അവസാന ബൈലൈൻ വാർത്തയും നിർണായകമായിരുന്നു. വിവാദമായ ഇ.ഡി. റിപ്പോർട്ടിൽ നിരവധി പേരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളാണ് അദ്ദേഹം റിപ്പോർട്ട് ചെയ്തത്. മരണവാർത്ത പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പുലർച്ചെ മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച ആ വാർത്ത ജിജോയുടെ അവസാന ബൈലൈൻ റിപ്പോർട്ടായി.
റിപ്പോർട്ടുകൾക്കെതിരെ നേരത്തെയും സൈബർ ആക്രമണം

 

ജിജോയുടെ അന്വേഷണ റിപ്പോർട്ടുകൾക്കെതിരെ ഒരു വിഭാഗം സാമൂഹികമാധ്യമങ്ങളിൽ നേരത്തെയും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. രാഷ്ട്രീയമായി സെൻസിറ്റീവായ വിഷയങ്ങളിൽ നടത്തിയ റിപ്പോർട്ടുകളുടെ പേരിൽ അദ്ദേഹത്തിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായതായി സഹപ്രവർത്തകർ പറയുന്നു.

ഇതിനിടെയാണ് അദ്ദേഹത്തിന്റെ മരണത്തിനുശേഷവും സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപകരമായ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടത്. മരണത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ വ്യാപകമായതോടെ ചില പോസ്റ്റുകളിലെ കമന്റ് സൗകര്യം പോലും നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായി.

ജിജോയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ചില പ്രമുഖരുടെ സാമൂഹികമാധ്യമ പോസ്റ്റുകൾക്ക് താഴെയും അധിക്ഷേപകരമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സൈബർ ആക്രമണം ഭയന്ന് കമന്റ് ബോക്സുകൾ അടച്ച സംഭവങ്ങളും ഇതോടെ ചർച്ചയായി.

മരണശേഷവും രക്തദാഹികളായ സൈബർ ഗുണ്ടകളുടെ വേട്ടയാടൽ

ഒരു മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്ത വാർത്തകളോട് വിയോജിക്കാനും വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ വാർത്തയുടെ പേരിൽ ഒരു മാധ്യമപ്രവർത്തകനെ മരണശേഷവും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണത കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തിനും സാമൂഹികമാധ്യമ ഇടപെടലുകളുടെ ആരോഗ്യകരമായ സംസ്കാരത്തിനും മുന്നറിയിപ്പാണ്.

ജിജോയുടെ അവസാന റിപ്പോർട്ടിനുശേഷം മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചു. വളരെ പെട്ടെന്നുള്ള വേർപാട് .എന്നാൽ അദ്ദേഹത്തിൻറെ റിപ്പോർട്ടുകളോടുള്ള അന്ധമായ രാഷ്ട്രീയ എതിർപ്പ് മരണത്തോടും അവസാനിച്ചില്ല. മറിച്ച്, മരണവാർത്തയ്ക്ക് പിന്നാലെ സൈബർ ലോകത്ത് ഉയർന്ന പ്രതികരണങ്ങൾ മാനുഷികതയും മനുഷ്യാവകാശ അവകാശങ്ങളെയും കുറിച്ചുള്ള പുതിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. ഇത്രമേൽ രാഷ്ട്രിയ അന്ധതയും അസഹിഷ്ണതയും ബാധിച്ച ഒരു സമൂഹത്തിൻ്റെ വെട്ടുക്കിളി ആക്രമണം ഭയപ്പെടുത്തുന്നതാണ്. അമ്പത്തിയൊന്ന് വെട്ടിൻ്റെ തനിയാവർത്തനമാണ് കാണാൻ കഴിയുന്നത്.

മാധ്യമ സംഘടനകളുടെ നിലപാട്

സംസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ സംഘടനകളുടെ പ്രവർത്തനത്തെയും നേതൃത്വത്തിന്റെ നിലപാടുകളെയും കുറിച്ച് നേരത്തെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഒരു വിഭാഗത്തിന് സംഘടനാ നേതൃത്വത്തിൽ അമിത സ്വാധീനമുണ്ടെന്നും ചില വിഷയങ്ങളിൽ നേതൃത്വം ഏകപക്ഷീയമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നുമുള്ള പരാതികളുമുണ്ട്.

സൈബർ ആക്രമണങ്ങൾക്കെതിരെ മാധ്യമപ്രവർത്തകരുടെ സംഘടനകൾ സ്വീകരിക്കേണ്ട ശക്തമായ നിലപാട് എന്തായിരിക്കണമെന്ന ചോദ്യവും ജിജോ ജോണിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ വീണ്ടും ഉയർത്തുന്നു