Spread the love

കാട്ടുപന്നി കെണിയില്‍ വീണു പുള്ളിപുലി ചത്തു

കണ്ണൂര്‍ : കാട്ടുപന്നി വിള നശിപ്പിക്കുന്നത് തടയാന്‍ സ്ഥാപിച്ചതായി പറയുന്ന അനധികൃത കെണിയില്‍ കുടുങ്ങി ആറ് വയസ്സുള്ള പുള്ളിപ്പുലി ചത്തു.കാട്ടുപന്നികള്‍ ആവര്‍ത്തിച്ച് നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് രാമചന്ദ്രന്‍ എന്നയാളുടെ കൃഷിയിടത്തില്‍ കെണി ഒരുക്കിയത്. എന്നാല്‍ ഇതില്‍ പുള്ളിപുലി കുടുങ്ങിയതോടെ നാട്ടുകാര്‍ വനംവകുപ്പില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, കെണിയില്‍ നിന്ന് പുലിയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ഒരു മയക്കുവെടി ഉപയോഗിച്ച് പുള്ളിപ്പുലിയെ ശാന്തനാക്കി. ഗുരുതരമായ പരിക്കുകള്‍ ഏറ്റതിനെ തുടര്‍ന്ന് അടുത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ പുള്ളിപ്പുലി ചത്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വന്യമൃഗങ്ങള്‍ക്കായി സ്ഥാപിച്ച അനധികൃത കെണിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യാനും വനംവകുപ്പ് തീരുമാനിച്ചു. പുള്ളിപ്പുലിയുടെ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നശിപ്പിക്കും.വനഭൂമിയോട് ചേര്‍ന്നാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നതെന്നും, അതിനാല്‍ കാട്ടുമൃഗങ്ങള്‍ക്ക് സമീപത്തെ കാര്‍ഷിക മേഖലകളിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു