Spread the love

പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർത്ഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. ഇതോടെ പാലാ നഗരസഭ ഭരണം  കേരള കോൺഗ്രസ് എം നയിക്കുന്ന ഇടതുമുന്നണി നിയന്ത്രണത്തിലായി

മായാ രാഹുലിന് 16 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി റിയാ ചീരാംകുഴിക്ക് 10 വോട്ടുകൾ ലഭിച്ചു. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായ മാറ്റത്തിന് വഴിയൊരുക്കുന്നതാണ് മായാ രാഹുലിന്റെ വിജയം.

എൽഡിഎഫ്: 16

ഔദ്യോഗിക അംഗസംഖ്യ- 12.

(കേരള കോൺഗ്രസ് എം- 10,സിപിഎം- 2)

കോൺഗ്രസ് വിട്ടുവന്ന 3 കൗൺസിലർമാരും ആക്ടിങ് ചെയർപഴ്സനായിരുന്ന മായാ രാഹുലും ഇപ്പോൾ എൽഡിഎഫിനൊപ്പമാണ്.ഇതോടെ എൽഡിഎഫ് അംഗ സംഖ്യ 16ൽ എത്തി. കോൺഗ്രസ് വിമതർക്ക് ഒപ്പം ചേർന്നുള്ള എൽഡിഎഫിന്റെ പുതിയ മുന്നണിക്ക് നഗരവികസന മുന്നണി എന്നാണു പേര്.

പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിൻ്റെ വരണാധികാരി. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

 

തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മായാ രാഹുൽ നഗരസഭാ കൗൺസിലർമാരോടും തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കുമായി എല്ലാവരെയും ഒപ്പം നിർത്തി പ്രവർത്തിക്കുമെന്ന് അവർ വ്യക്തമാക്കി.