യുവനടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിലായിരുന്നു അന്ത്യം. നടി മരണപ്പെട്ട് ഒരു മാസത്തിനു ശേഷമാണ് കുടുംബം ഇക്കാര്യം സ്ഥിരീകരിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുമായി പൊരുതുന്നതിനിടയിൽ ജൂലൈ 15ന് നടി മരിച്ചുവെന്നാണ് സ്ഥിരീകരണം. അതേസമയം നടിയുടെ ഔദ്യോഗിക സോഷ്യൽമീഡിയ പേജിലൂടെയാണ് കുടുംബം ഇക്കാര്യം പങ്കു വച്ചിരിക്കുന്നത്.
ശാന്തമായി ഉറങ്ങുന്നതിനിടെയാണ് അവൾ പോയത്. ഒരു വർഷത്തോളമായി ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലൂടെ അവൾ കടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു.
ഒരു പോരാളിയെ പോലെ ആ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്യാൻ അവൾ ശ്രമിച്ചു. അവൾ വളരെ ശക്തയായ റാണിയെ പോലെ ജീവിച്ച പെൺകുട്ടിയായിരുന്നു. മകളേ നിന്റെ അഭാവം ഞങ്ങളെ ഒരുപാട് ബാധിക്കും. അവളുടെ ആത്മാവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണം. ഈ സമയത്ത് സ്വകാര്യതയും ശാന്തതയും ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയിൽ കുറിച്ചിട്ടുണ്ട്. ആരാധകർ ഞെട്ടലോടെയാണ് ഇക്കാര്യത്തോട് പ്രതികരിച്ചിരിക്കുന്നത്.
മുംബൈയിൽ വളർന്ന അനന്യ രാജ് 2016-ൽ പുറത്തിറങ്ങിയ ‘7 ഹവേഴ്സ് ടു ഗോ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘ദി ഫൈനൽ എക്സിറ്റ്’ (2017), വിക്രം ഭട്ടിന്റെ ‘ഗോസ്റ്റ്’ (2019) എന്നീ ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
തെലുങ്ക് ചിത്രമായ ‘തഗ്ഗേദേ ലെ’ (2022), ത്രിഭാഷാ ചിത്രമായ ‘മദ്രാസി ഗ്യാങ്’ തുടങ്ങി പ്രാദേശിക ഭാഷകളിലും പ്രവർത്തിച്ചിട്ടുണ്ട്. നവീൻ ചന്ദ്ര, ദിവ്യ പിള്ള എന്നിവർക്കൊപ്പമാണ് ‘തഗ്ഗേദേ ലെ’ എന്ന സസ്പെൻസ് ത്രില്ലറിൽ അഭിനയിച്ചത്.

