കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തന്നെ സിബിഐ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി യു അരുൺ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. കൂടാതെ അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണമെന്നും സിബിഐയുടെ അന്വേഷണം നിയമപരമായി തുടരണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ഹർജിക്കാരനെതിരായ ചില സാഹചര്യങ്ങൾ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും, അതിനാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
തന്നെ സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി നിരന്തരം വിളിച്ച് വരുത്തി ദ്രോഹിക്കുന്നുവെന്നാണ് അരുൺ ഹർജിയിൽ ആരോപിക്കുന്നു. താൻ അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക് സ്വമേധയാ വിധേയനായതായും പറയുന്നു. കൂടാതെ ഈ കേസിനെ തുടർന്ന് തനിക്ക് രണ്ട് തവണ ജോലി നഷ്ടപ്പെട്ടതായും ഗുരുതര മാനസികപ്രശ്നങ്ങൾ നേരിടുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിച്ചു.
2018 മാർച്ച് മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് വിദ്യാർത്ഥിനിയായ ജെസ്‌നയെ കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ ഏറ്റെടുത്തത്. 2021 ഫെബ്രുവരിൽ കേസേറ്റെടുത്ത സിബിഐക്കും ജെസ്ന എവിടെയെന്ന കണ്ടെന്നായില്ല.

