Spread the love

നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പിന്തുണയില്‍ മാറ്റമില്ലെന്ന് വിസ്മയ മോഹന്‍ലാല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വ്യക്തമായ ധാരണയുണ്ടായിട്ടു തന്നെയാണ് താന്‍ വിഷയത്തില്‍ പ്രതികരിച്ചതെന്നും അതിനെ തെറ്റിദ്ധരിച്ചവരെ തിരുത്താനാകില്ലെന്നും വിസ്മയ മോഹന്‍ലാല്‍ പറഞ്ഞു. ‘എനിക്ക് എന്നെ മാത്രമേ നിയന്ത്രിക്കാനാകൂ. എന്റെ വാക്കുകളെ മാത്രമേ നിയന്ത്രിക്കാനാകൂ. മറ്റാരെയും നിയന്ത്രിക്കാനാകില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അലോസരപ്പെടുത്താറില്ല. എനിക്ക് എന്റെ ഊര്‍ജം നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ല’-എന്നാണ് വിസ്മയ പറഞ്ഞത്.

തന്റെ ആദ്യചിത്രമായ ‘തുടക്ക’ത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിസ്മയയുടെ പ്രതികരണം. മാതാപിതാക്കളായ മോഹന്‍ലാലും സുചിത്രയും പരിപാടിയില്‍ വിസ്മയയ്ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും വിസ്മയയുടെ അഭിപ്രായത്തെ പൂര്‍ണമായി പിന്തുണച്ചു. സ്വന്തമായി മുഖമില്ലാത്തവരാണ് സൈബറിടത്ത് ആക്രമണം നടത്തുന്നതെന്ന് മോഹന്‍ലാല്‍

സോഷ്യല്‍ മീഡിയയെ പേടിച്ച് ജീവിക്കേണ്ട കാലമാണിതെന്നും അത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ ഗൗനിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘കൂടുതല്‍ ആക്രമണം നേരിട്ടത് ഞാനാണ്. വിസ്മയ ഒരു വ്യക്തിയാണ്. സംസാരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്’- മോഹന്‍ലാല്‍ പറഞ്ഞു. എന്തുപറഞ്ഞാലും കുഴപ്പമായി മാറുന്ന കാലത്തിലൂടെയാണ് താനൊക്കെ കടന്നുപോകുന്നതെന്നും പോപ്പുലാരിറ്റി കൂടുമ്പോഴാണ് കുഴപ്പം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമിക്കുന്നവര്‍ സന്തോഷിക്കട്ടെയെന്നാണ് സുചിത്ര മോഹന്‍ലാല്‍ പ്രതികരിച്ചത്.