അങ്ങനെ പരാതി നല്‍കിയാല്‍ ശരിയാവില്ല.നിയമാനുസരണം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അവകാശവും പ്രധാനമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കോട്ടയം : നിയമപ്രകാരം ലൈസന്‍സ് ഉള്‍പ്പെടെയുള്ള അനുമതികള്‍ നേടി നിബന്ധനകള്‍ പാലിച്ച് വ്യവസായസ്ഥാപനം നടത്തുന്നതിനുള്ള നിയമാനുസൃത അവകാശം സംരക്ഷിക്കപ്പെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.അതേസമയം ഭാവിയില്‍ സ്ഥാപനം ലൈസന്‍സ് വ്യവസ്ഥകളോ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങളോ ലംഘിക്കുകയാണെങ്കില്‍ നിയമാനുസൃതം നടപടിയെടുക്കാന്‍ അധികാരപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.
കാണക്കാരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റില്‍ നിന്നുള്ള രൂക്ഷമായ പൊടിശല്യവും അസഹനീയമായ യന്ത്രശബ്ദവും കാരണം സമാധാനപരമായി ജീവിക്കാനാവുന്നില്ലെന്ന കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഉത്തരവ്.
സ്ഥലം പരിശോധിച്ച് പരാതി പരിഹരിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാണക്കാരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്ഥലം പരിശോധിച്ചു.സ്ഥാപനത്തില്‍ നിന്നും അസഹനീയമായ പൊടിശല്യമോ ശബ്ദമലിനീകരണമോ ഉണ്ടാകുന്നില്ലെന്ന് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും സിറ്റിംഗില്‍ ഹാജരായ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് പരിശോധന നടത്താന്‍ ജുഡീഷ്യല്‍ അംഗംകെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്ഥാപനത്തിന് ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഗ്രീന്‍ കാറ്റഗറിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.യൂണിറ്റില്‍ കണ്ട പോരായ്മകള്‍ പരിഹരിക്കാന്‍ ഉടമക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് റിപ്പോര്‍ട്ടില്‍ അറിയിച്ചു.
പരാതി പരിശോധിച്ച കമ്മീഷന്‍ ആരോപണങ്ങള്‍ക്ക് മതിയായ അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് എത്തിയത്. കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു

