Spread the love

പെരുമഴയില്‍ ജാഗ്രതയും മുന്നറിയിപ്പും പിഴച്ചു, കുട്ടികളെ സുരക്ഷിതരാക്കാന്‍ അവധി നല്‍കുന്നതിനും പാളി, വെളളത്തില്‍ മുങ്ങിയ ശേഷം രാവിലെ അറിയിപ്പ്

മഴ മുന്നറിയിപ്പ് പാളി വീണ്ടും. ഒന്‍പതു ജില്ലകളില്‍ പെയ്തിറങ്ങിയ പെരുമഴയില്‍ ജാഗ്രതാ പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും മുന്നറിയിപ്പ് നല്‍കുന്നതിനും വീണ്ടും ഉദ്യോഗസ്ഥ സംവിധാനം പാളി, വെള്ളിയാഴ്ച്ച സന്ധ്യമുതല്‍ കോട്ടയം ഉള്‍പ്പടെ കനത്തമഴ ഇടവിടാതെ പെയ്തിട്ടും കിഴക്കന്‍ മേഖലകളില്‍ മുന്നറിയിപ്പ് നല്‍കിയില്ല. പൂഞ്ഞാറില്‍ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചതായി വിമര്‍ശനമുണ്ട്. പെരുമഴയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതിനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് കാര്യങ്ങള്‍ പിഴച്ചു. രാവിലെ 5.45 ഓടെയാണ് അവധി പ്രഖ്യാപിച്ചത്. അപ്പോഴേക്കും പലയിടത്തും കുട്ടികളെ അയക്കാനുളള ക്രമീകരണം തുടങ്ങി. സ്‌കൂള്‍ ബസുകള്‍ പലതും നിരത്തിലിറങ്ങി.

ജാഗ്രത പാലിക്കുമെന്നും അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും കഴിഞ്ഞ പ്രളയത്തിനുശേഷം പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും കാര്യങ്ങള്‍ നടപ്പായില്ല.കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു ലഭിച്ചിരുന്നില്ല. തിരുവനന്തപുരം ജില്ലയില്‍ മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ വൈകിയതിലും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാത്തതിലും പ്രതിഷേധിച്ച് പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, പൊടുന്നനെയുള്ള കാലാവസ്ഥാമാറ്റങ്ങളാണ് മുന്നറിയിപ്പുകള്‍ സങ്കീര്‍ണമാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടെന്നാണ് വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നത്. പക്ഷെ ശനിയാഴ്ച പെയ്ത കനത്തമഴയില്‍ പത്തനംതിട്ടയിലെ റാന്നിയടക്കം വെള്ളത്തിനടിയിലായി. ഓറഞ്ച് അലര്‍ട്ടെന്നാല്‍ 115എം.എം.മഴ പെയ്യുമെന്നാണ് കണക്ക്.എന്നാല്‍, പെയ്തത് ചെറിയ സമയത്തിനുള്ളളില്‍ തീവ്രമഴ. അതാകട്ടെ, നഗരപ്രദേശങ്ങളെപ്പോലും വെള്ളത്തില്‍ മുക്കി. പ്രളയസാദ്ധ്യത വിലയിരുത്തുന്നതില്‍ ജാഗ്രതക്കുറവുണ്ടെന്നാണ് വിമര്‍ശനം.

വെള്ളിയാഴ്ച രാത്രി 9 മണിക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്ന മുന്നറിയിപ്പില്‍ ഒരിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. രാത്രി പത്ത് മണിക്ക് നല്‍കിയ തത്സ്ഥിതി മുന്നറിയിപ്പിലും ഓറഞ്ച് അലര്‍ട്ട് മാത്രമായിരുന്നു. എന്നാല്‍, കാലാവസ്ഥാ കേന്ദ്രം പറയുന്നത് രാത്രി 11.15ന് റെഡ് അലര്‍ട്ടിന് സമാനമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നാണ്. എന്നിട്ടും പത്തനംതിട്ടയും ഇടുക്കിയും അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ഇന്നലെ രാവിലെ ഏഴ് മണിക്കാണ്. അപ്പോഴേക്കും പെരുമഴ കെടുതി വിതച്ചിരുന്നു. ഓറഞ്ച് അലര്‍ട്ട് എന്നാല്‍ ആക്ഷന്‍ എന്നാണ് ദുരന്തര നിവാരണ അതോറിറ്റി ചട്ടത്തില്‍ പറയുന്നത്.

ഇടുക്കിയില്‍ 213 എം.എം മഴ

കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഇന്നലെ ആറ് ജില്ലകളില്‍ 100 എം.എമ്മില്‍ കൂടുതല്‍ മഴ പെയ്തു. വെള്ളക്കെട്ടും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാര്യമായി സംഭവിച്ചത് പത്തനംതിട്ടയിലാണ്. ആറ് നദികള്‍ നിറഞ്ഞിരിക്കുകയാണ്. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ, കല്ലട, മീനച്ചില്‍, മണിമല, പമ്പ, അച്ചന്‍കോവില്‍ ആറുകളാണ് നിറഞ്ഞത്. തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ അറിയിപ്പും വേണ്ടിവന്നാല്‍ മാറിതാമസിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.