നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൽപ്പറ്റയിൽ നടത്തിയ മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കെഎസ്‌യു നേതാവിനെതിരെ കേസെടുത്തു.
യൂത്ത് കോൺഗ്രസ് കൽപ്പറ്റ പോസ്റ്റോഫീസിലേയ്ക്ക് നടത്തിയ മാർച്ചിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.ഗൗതം ഗോകുൽദാസ് പൊലീസുകാരന്റെ കരണത്തടിച്ച സംഭവത്തിലാണ് കേസെടുത്തത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസുകാരന്റെ മുഖത്തടിച്ചതിനുമാണ് ഗൗതത്തിനെതിരെ കേസ്.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ നടത്തിയ പ്രകടനത്തിനിടെ പൊലീസും നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായിരുന്നു.
ഇതിനിടെ ജില്ലാ പ്രസിഡന്റ് പൊലീസുകാരന്റെ കരണത്തടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വളരെപെട്ടെന്നുതന്നെ വൈറലായി. പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു.

