ഡോ. റാമിനെ വിട്ടയച്ച സംഭവം: പോലീസ് തലപ്പെത്ത് ഗൂഢാലോചന, ഫുഡ് അടിച്ചു കറങ്ങി നടന്നു.പണം പറ്റിയെന്ന് സംശയിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: പോലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവും മുന്നറിയിപ്പുമായി കേരള ഹൈക്കോടതി..അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ.റാമിനെ അറസ്റ്റിനു പിറകേ വിട്ടയയ്ക്കാന്‍ പോലീസ് സാഹചര്യമൊരുക്കിയതാണ് കോടതിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്.അന്വേഷണ ഉദ്യോഗസ്ഥര്‍ പാരിതോഷികം പറ്റിയെന്നും സംശയിക്കണം. പണത്തിനുമീതെ പരുന്തും പറക്കില്ലെന്ന ചൊല്ല് അന്വര്‍ത്ഥമായിരിക്കുന്നു. ഇത് ഭരണ സംവിധാനത്തിന്റെയും പരാജയമാണ്.
ഡോ. റാമിനെ വിട്ടയച്ചത് വിശദമായി അന്വേഷിക്കണം. അല്ലെങ്കില്‍ ഹൈക്കോടതി ഉത്തരവിടും. പ്രതിയുമായി ബന്ധപ്പെട്ടവരുടെ കാള്‍ റെക്കാഡുകളടക്കം പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുമെന്നും സിംഗിള്‍ബെഞ്ച് മുന്നറിയിപ്പുനല്‍കി. ഡോ. റാം പുറത്തിറങ്ങിയത് ചൂണ്ടിക്കാട്ടി നിതിന്‍ രാജിന്റെ മാതാപിതാക്കളായ ലതയും രാജനുമാണ് ഹര്‍ജി നല്‍കിയത്. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
റാമിനെ രക്ഷിക്കാന്‍ പോലീസ് തലപ്പത്ത് ഗൂഢാലോചനയുണ്ടായെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ പറഞ്ഞു. അറസ്റ്റിനു മുമ്പ് കാരണം വ്യക്തമാക്കണമെന്നാണ് സുപ്രീംകോടതി മാനദണ്ഡം. ഇതു പാലിക്കാതെ പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണ്.
റാമിന്റെ ഒളിസ്ഥലം കണ്ടെത്താന്‍ പൊലീസ് സര്‍വശ്രമങ്ങളും നടത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. പ്രതി പോയിടത്തെല്ലാം കൂടെ നടന്ന് പൊലീസ് ഫുഡ് അടിച്ചു. കീഴടങ്ങാന്‍ വന്നപ്പോള്‍ പിടികൂടി, പുറത്തിറങ്ങാന്‍ പഴുതുമിട്ടു. ലോണ്‍ ആപ്പിലെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതു കൊണ്ട് നിതിന്‍ ആത്മഹത്യ ചെയ്‌തെന്ന കണ്ടെത്തല്‍ ആരാണ് വിശ്വസിക്കുന്നതെന്നും കോടതി ചോദിച്ചു.കോടതിയില്‍ സമര്‍പ്പിച്ച രേഖകളുമായി ക്രൈംബ്രാഞ്ച് എസ്.പി കെ.വി. വേണുഗോപാല്‍,?ഡിവൈ.എസ്.പി സുധീര്‍ കല്ലന്‍ എന്നിവര്‍ വെള്ളിയാഴ്ച ഹാജരാകണം.

