Spread the love

തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് സിജെപി നടത്തുന്ന സമരത്തിന് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്മാരായ ആസിഫ് അലിയും ദുൽഖർ സൽമാനും. അതിനിടെ നടൻ ടോവിനോ തോമസിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച് നടത്തി.

ഡൽഹി ജന്തർ മന്തറിലും രാജ്യത്തുടനീളവും നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയും ഇടപെടലും ആവശ്യപ്പെട്ടുകൊണ്ടാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

സമരം ചെയ്യുന്ന യുവജനങ്ങളും വിദ്യാർത്ഥികളുമാണ് ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങളെന്ന് ആസിഫ് അലി ചൂണ്ടിക്കാട്ടി. ‘അവർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും. വിദ്യാർത്ഥികളോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു,’- ആസിഫ് അലി പറഞ്ഞു. ആസിഫ് അലിയുടെ പോസ്റ്റിന് വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

വിദ്യാർത്ഥികൾ നേരിടുന്ന അനിശ്ചിതാവസ്ഥയിൽ അവർ ജീവനൊടുക്കുന്നതിലെ വേദനയും ആശങ്കയും പങ്കുവച്ചുകൊണ്ടാണ് നടൻ ദുൽഖർ സൽമാൻ രംഗത്തെത്തിയത്. സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള മനുഷ്യർ കരുണയും ബഹുമാനവും അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘വിദ്യാഭ്യാസം എപ്പോഴും പ്രതീക്ഷയും മികച്ച ഭാവിയുമാണ് നൽകേണ്ടത്. എന്നാൽ യുവതലമുറ ഇത്തരത്തിൽ അനിശ്ചിതത്വം നേരിടുന്നത് ഏറെ സങ്കടകരമാണ്. മുന്നോട്ട് ഇനി വഴിയില്ലെന്ന് കരുതി വിദ്യാർത്ഥികൾ ജീവിതം അവസാനിപ്പിക്കുന്നത് ഹൃദയം തകർക്കുന്നു. കടബാദ്ധ്യതകൾ പേറി ജീവിക്കുന്ന മാതാപിതാക്കളുടെ വേദന അതിലും വലുതാണ്.’- ദുൽഖർ വ്യക്തമാക്കി.

 

അതിനിടെ നടൻ ടൊവിനോ തോമസിന്റെ വീടിനുമുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോർച്ച പ്രവർത്തകർ. ഡൽഹിയിൽ സമരംചെയ്യുന്ന വിദ്യാർഥികൾക്ക് അനുകൂലമായി ടൊവീനോ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് പ്രതിഷേധം.

 

‘കേരളത്തിലെ പി.എസ്.സി. അഴിമതിക്കെതിരേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള യുവതീയുവാക്കൾ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോഴും സ്വന്തം ജില്ലയായ തൃശ്ശൂരിൽ നഴ്‌സുമാർ രാപ്പകൽ സമരം നടത്തുമ്പോഴും പ്രതികരിക്കാത്ത നടൻ രാഷ്ട്രീയം നോക്കി വായ തുറന്നു’ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.