കൊച്ചി : ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം പൊളിക്കാനുളള നീക്കം തുടങ്ങി. എം.ജി. റോഡിലെ വുഡ്ലാന്‍ഡ് ജംഗ്ഷനു സമീപമുള്ള ഒരു ബഹുനില വാണിജ്യ കെട്ടിടത്തിലേക്കാണ് കെട്ടിടത്തിന്റെ ഒരു വശം ചരിഞ്ഞത്. ഇതോടെ അറുപതു വര്‍ഷം പഴക്കമുളള കെട്ടിടം പൊളിക്കാനുളള ആലോചന സജീവമായി. എന്നാല്‍ സ്ഥലം സന്ദര്‍ശിച്ച വിദഗ്ധര്‍ മുന്‍കരുതല്‍ നടപടികളില്ലാതെ മുന്നോട്ട് പോകുന്നത് സമീപത്തെ കെട്ടിടങ്ങളെ മാത്രമല്ല, പൊളിക്കാന്‍ ചുമതലപ്പെടുത്തിയ തൊഴിലാളികളെയും അപകടത്തിലാക്കുമെന്ന് കോര്‍പ്പറേഷനെ അറിയിച്ചു. ഇതോടെയാണ് നീക്കം നീട്ടിയത്.
എം.ജി റോഡില്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിച്ച കെട്ടിടം ഒരു വശത്തേക്ക് അപകടകരമായ രീതിയില്‍ ചെരിഞ്ഞു. സമീപത്തെ ബാങ്ക് അടക്കം പ്രവര്‍ത്തിക്കുന്ന മറ്റൊരു കെട്ടിടത്തിലേക്കാണ് ഇത് ചെരിഞ്ഞു നില്‍ക്കുന്നത്. കെട്ടിടത്തിന്റെ അടിത്തറ ഇളകുകയും താഴത്തെ നില പൂര്‍ണ്ണമായി തകരുകയും ചെയ്തതിനാല്‍ ഇത് പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക വിലയിരുത്തല്‍. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴക്കാലത്ത് താഴത്തെ നിലയില്‍ വെള്ളം കയറുന്നത് തടയാനാണ് ഏറെക്കാലമായി ആളൊഴിഞ്ഞുകിടക്കുന്ന ഈ കെട്ടിടം ഉയര്‍ത്താന്‍ തീരുമാനിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയെയാണ് ഇതിന്റെ കരാര്‍ ഏല്‍പ്പിച്ചിരുന്നത്. കെട്ടിടം നാലടിയോളം ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ ജാക്കിയുടെ ലിവറിന് സംഭവിച്ച പാകപ്പിഴയാണ് അപകടത്തിന് കാരണമായത്
വെള്ളിയാഴ്ചയ്ക്കുള്ളില്‍ കെട്ടിടം സ്വന്തം ചെലവില്‍ പൊളിച്ചുമാറ്റാന്‍ കോര്‍പ്പറേഷന്‍ ഉടമയ്ക്ക് അന്ത്യശാസനം നല്‍കി. ഇത് പാലിച്ചില്ലെങ്കില്‍, പൊളിക്കല്‍ സ്വയം ഏറ്റെടുക്കുമെന്നും ചെലവുകള്‍ ഈടാക്കുമെന്നും കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കെട്ടിടം പൊളിക്കുന്നതിന് ബുധനാഴ്ച നല്‍കിയ 24 മണിക്കൂര്‍ നോട്ടീസ് പാലിക്കാത്തതിനെത്തുടര്‍ന്ന് മേയര്‍ വി.കെ. മിനിമോളിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച സ്ഥലം പരിശോധിച്ചു.
‘ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, കെട്ടിടം മുകളില്‍ നിന്ന് ചെറിയ കഷണങ്ങളായി പൊളിച്ചുമാറ്റും. ഈ പ്രക്രിയയ്ക്ക് ഏഴ് മുതല്‍ പത്ത് ദിവസം വരെ എടുത്തേക്കാം. ചരിഞ്ഞ ഘടനയ്ക്കും അത് ചാരി നില്‍ക്കുന്ന ഘടനയ്ക്കും ഇടയില്‍ വളരെ കുറച്ച് മാത്രമേ വിടവുള്ളൂ. വെള്ളിയാഴ്ച ബലപ്പെടുത്തല്‍ ആരംഭിച്ചു, മേല്‍ക്കൂര ഷീറ്റുകള്‍ നീക്കം ചെയ്തുകൊണ്ട് ആരംഭിക്കുന്ന പൊളിക്കല്‍ ശനിയാഴ്ച ആരംഭിക്കും,’മിനിമോള്‍ പറഞ്ഞു.

