ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഡോ. റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു. അര്‍ബുദ ബാധിതയായി ചികിത്സയിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
അമ്മയുടെ വിയോഗ വാർത്ത റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
രോഗാവസ്ഥയുടെ ഓരോ ഘട്ടത്തിലും അസാധാരണമായ മനക്കരുത്തും ധൈര്യവും ശാന്തതയും അമ്മ പ്രകടിപ്പിച്ചിരുന്നുവെന്ന് റോബിൻ അനുസ്മരിക്കുന്നു. “കാൻസർ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ മനക്കരുത്തിനെയോ സ്നേഹത്തെയോ തോൽപ്പിക്കാൻ അതിന് കഴിഞ്ഞില്ല. ഭയത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്നതാണ് യഥാർത്ഥ ധൈര്യമെന്ന് അമ്മ തന്റെ ജീവിതത്തിലൂടെ ഞങ്ങളെ പഠിപ്പിച്ചു,” റോബിൻ കുറിച്ചു. 2026 മാർച്ച് 25-നാണ് അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചത്. അന്ന് മുതൽ ആശുപത്രികളും ചികിത്സയുമായി ബന്ധപ്പെട്ട വേദന നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കുടുംബം കടന്നുപോയത്.
“ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ പോലും പ്രതീക്ഷയും സ്നേഹവും കൈവിടാതെയാണ് ഓരോ നിമിഷവും അമ്മ നേരിട്ടത്. നിരുപാധികമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി അമ്മ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും,” റോബിൻ വികാരാധീനനായി കുറിച്ചു. തന്റെ അമ്മയുടെ പോരാട്ടവീര്യം ചുറ്റുമുള്ള എല്ലാവർക്കും വലിയ പ്രചോദനമായിരുന്നുവെന്നും, അവസാന ശ്വാസം വരെ അമ്മ ധീരമായി പൊരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോബിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു.

