Spread the love

റബര്‍ മേഖലയ്ക്ക് കരുത്തേകാന്‍ കേന്ദ്രം: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ കേരളത്തിലേക്ക്:റബര്‍ ബോര്‍ഡ് ആസ്ഥാനം ഉടന്‍ സന്ദര്‍ശിക്കും

  

ന്യൂഡല്‍ഹി: കേരളത്തിലെ റബര്‍ മേഖലയിലെ വിഷയങ്ങള്‍ വിലയിരുത്തി തുടര്‍ കര്‍മപരിപാടിക്ക് രൂപം നല്‍കുന്നതിനായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഉടന്‍ കോട്ടയത്തെ റബര്‍ ബോര്‍ഡ് സന്ദര്‍ശിക്കും.ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ക്കൊപ്പം റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ഹരി ഇന്നലെ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.ന്യൂഡല്‍ഹിയിലെ വാണിജ്യഭവനില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ റബര്‍ ബോര്‍ഡിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്താന്‍ ചെയര്‍മാന്‍ എന്‍. ഹരി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ ഔപചാരികമായി ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച കേന്ദ്രമന്ത്രി ഉടന്‍ റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് എത്തുമെന്ന് അറിയിച്ചു. റബര്‍ ബോര്‍ഡിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനും രാജ്യത്തെ റബര്‍ വ്യവസായത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്യും.

 

 

 

യോഗത്തില്‍ കേരളത്തിലെ റബര്‍ മേഖലയെ സമഗ്രമായി വികസിപ്പിക്കുന്നതിനായി ‘ഐ-സ്പീഡ് വണ്‍ (ISPEED ONE)’ പദ്ധതിയില്‍ 100 കോടി എത്രയും വേഗംവിനിയോഗിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഈ പദ്ധതിക്കായുള്ള തുക ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ATMA) വടക്കുകിഴക്കന്‍ മേഖലയിലെ ശേഷിക്കുന്ന ഫണ്ടില്‍ നിന്നും ലഭ്യമാക്കി പദ്ധതികള്‍ക്ക് വിനിയോഗിക്കാനുളള നടപടികള്‍ സ്വീകരിക്കും.. പുകപ്പുര നിര്‍മാണം, റബര്‍ പ്ലാന്റിങ് സബ്‌സിഡി,തൊഴിലാളി ക്ഷേമം, റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ വഴിയുള്ള വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്ക് ഈ പണം വിനിയോഗിക്കും എന്നാണ് ആത് മ പറയുന്നത് എന്നാല്‍ കേരളത്തില്‍ വെട്ടാതെ കിടക്കുന്ന (അണ്‍ ടാപ്പ് ട് ) കൃഷിസ്ഥലങ്ങള്‍ കൃഷിയിലേക്ക് തിരികെ കൊണ്ടു വരുന്നതിന് പ്രഥമ പരി ഗണന നല്‍കണമെന്ന് കൂടി ചെയര്‍മാന്‍ ആവശ്യപ്പെട്ടു

 

 

റബര്‍ മേഖലയിലെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് റബര്‍ ബോര്‍ഡ് അടുത്ത അഞ്ചുവര്‍ഷ കാലത്തേക്ക് (2026-2031) 2,157.54 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇഎഫ്സി (Expenditure Finance Committee) പദ്ധതി കേന്ദ്രധനമന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും.. കഴിഞ്ഞ കാലയളവില്‍ ഇതേ പദ്ധതിക്കായി മൂന്ന് വര്‍ഷത്തേക്ക് റബര്‍ ബോര്‍ഡ് 1000 കോടി ശുപാര്‍ശ ചെയ്തപ്പോള്‍ 900 കോടിരൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത്തവണ 2026 – 31 വരെയുളള അഞ്ച് വര്‍ഷത്തേക്കായി സമര്‍പ്പിച്ച 2157.54 കോടിയുടെ പദ്ധതി ഏറെക്കുറെ പൂര്‍ണമായി തന്നെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ഹരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

പ്രത്യേക പദ്ധതികള്‍

 

ആഭ്യന്തര റബര്‍ ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനായി റീപ്ലാന്റിംഗ് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതികള്‍, റെയിന്‍ ഗാര്‍ഡിംഗിന് ധനസഹായം, റബര്‍ മരങ്ങളിലെ രോഗനിയന്ത്രണ നടപടികള്‍, പുകപ്പുര നവീകരണത്തിനും നിര്‍മ്മാണത്തിനും സഹായം, ആധുനിക യന്ത്രസാമഗ്രികള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തും. .ഈ പദ്ധതികള്‍ രാജ്യത്തെ പ്രകൃതിദത്ത റബറിന്റെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും റബര്‍ കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും സഹായകരമാകുമെന്ന് യോഗത്തില്‍ വിലയിരുത്തി.റബര്‍ മേഖലയിലെ ഭാവി വികസന പദ്ധതികളും റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയുമായുളള കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഭാവി വികസന പദ്ധതികളില്‍ യുവാക്കള്‍ക്കായുളള പരിശീലനം, ഗവേഷണം എന്നിവയ്ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.