Spread the love

വാഷിങ്ടൻ : ന്യൂയോർക്കിൽ മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തതായി പൊലീസ്.ആമി സ്റ്റെഡ്മാൻ, ഇവരുടെ മകൾ സാറാ മൈയേഴ്സ് (44), പേരക്കുട്ടികളായ ഹാർപ്പർ ഹാർമൻ (13), ഹഡ്സൻ ഹാർമൻ (11), ഗാവിൻ ഹാർമൻ (10), ഗ്രേസിലിൻ ഹാർമൻ (10) എന്നിവരാണ് മരിച്ചത്.

മെക്കാനിക്വില്ലിലെ ഒരു അപ്പാർട്ട്‌മെന്റിൽ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുട്ടികളുടെ മുത്തശ്ശിയായ ആമി സ്റ്റെഡ്മാനെ (64) പൊലീസ് പ്രതിയായി പ്രഖ്യാപിച്ചു.

ഇവരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപ്പാർട്ട്‌മെന്റിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പും നിരവധി കുറിപ്പടികളും ആത്മഹത്യയ്ക്കായി ഉപയോഗിച്ച വിഷവും കണ്ടെത്തിയിട്ടുണ്ട്. ആമി മറ്റ് അഞ്ച് പേർക്കും ബോധപൂർവം വിഷം നൽകിയതാണെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകളുണ്ടെന്ന് മെക്കാനിക്വില്ലി പൊലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)