തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേരളത്തിന് വിമർശനം.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ടിവികെ സർക്കാർ കേരളത്തിനെതിരെ പ്രതികരിച്ചത്. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും ടിവികെ സർക്കാർ വ്യക്തമാക്കി.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടുമായി മുന്നോട്ടുപോകുമെന്ന് കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം എന്നതാണ് മുദ്രാവാക്യം.
കേരളം പുതിയ അണക്കെട്ട് നിർമിക്കാൻ ശ്രമിച്ചാൽ അതിനെ ശക്തമായി എതിർക്കുമെന്ന നിലപാടാണ് നയപ്രഖ്യാപന പ്രസംഗത്തിൽ തമിഴ്നാട് മുന്നോട്ടുവച്ചത്.
നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി ആദ്യം തമിഴ് തായ് വാഴ്ത്തുക്കളും പിന്നാലെ ദേശീയഗാനവും ആലപിച്ചു. വന്ദേമാതരം ആലപിക്കുന്നത് പൂർണമായും ഒഴിവാക്കി. തമിഴ്നാടിന്റെ കൂടി ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണെന്ന് നയപ്രഖ്യാപനത്തിൽ അദ്ദേഹം വ്യക്തമാക്കി.

