ന്യൂഡല്‍ഹി: നീണ്ട അഞ്ച് വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ വിവാഹമോചന രേഖകള്‍ കീറിക്കളഞ്ഞ് ഭര്‍ത്താവിനെ ചേര്‍ത്തുപിടിച്ച് ഭാര്യ. ഡല്‍ഹിയിലെ ഒരു കുടുംബക്കോടതിയില്‍ നടന്ന വിവാഹമോചന ഹിയറിങ്ങിനിടെയാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ നടന്നത്.
ദമ്പതികളായ ശിഖയും സൗരഭും കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി വിവാഹ മോചനത്തിനായി നിയമ പോരാട്ടത്തിലായിരുന്നു. 2020ലായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് ഇരുവരുടെയും ബന്ധം തര്‍ക്കങ്ങളിലേക്കും ആരോപണങ്ങളിലേക്കും ഒടുവില്‍ ഡിവോഴ്‌സിലേക്കും നീങ്ങി. ഇത് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലേക്കും വഴിവെച്ചു.
എന്നാൽ ഈ ദീർഘകാല കേസ് ശിഖയുടെ കുടുംബത്തിന് വലിയ ആഘാതമാണുണ്ടാക്കിയത്. മകളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയും കോടതി ചെലവുകളും കാരണം ശിഖയുടെ പിതാവിന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും തീർന്നുപോയിരുന്നു.
ഇതിനിടെ, ശിഖയുടെ പിതാവിന് ഹൃദയാഘാതം സംഭവിച്ചപ്പോൾ ഇവരുടെ സ്ഥിതി കൂടുതൽ ബുദ്ധിമുട്ടായി. സാമ്പത്തിക പ്രയാസം നേരിട്ടതിനാൽ കുടുംബം ആദ്യം അദ്ദേഹത്തെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഈ ഘട്ടത്തിലാണ് സൗരഭിന്റെ ഇടപെടൽ. ഭാര്യപിതാവിന്റെ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോൾ, സൗരഭ് അദ്ദേഹത്തെ ഗുരുഗ്രാമിലെ കൂടുതൽ സൗകര്യങ്ങളുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിച്ചു. അവിടെ അദ്ദേഹത്തിന് സമയബന്ധിതമായ ചികിത്സ ലഭിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തു. കടുത്ത നിയമ പോരാട്ടത്തിനിടയിലും നടത്തിയ ആ നടപടി ഒടുവിൽ എല്ലാം മാറ്റിമറിക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം, ദമ്പതികൾ കേസിന്റെ വാദത്തിനായി വീണ്ടും കോടതിയിൽ ഹാജരായി. എന്നാൽ ഇതിനിടെ നിങ്ങൾക്ക് ഇപ്പോഴും വിവാഹമോചനം വേണോ എന്ന് ജഡ്ജി സൗരഭിനോട് ചോദിച്ചപ്പോൾ, അദ്ദേഹം ശിഖയുടെ നേർക്ക് തിരിഞ്ഞ് ഒരു ചെറിയ പുഞ്ചിരിയോടെ നോക്കി. ശിഖയെ സംബന്ധിച്ചിടത്തോളം, ആ ഒരു നോട്ടം തന്നെ ധാരാളമായിരുന്നു വർഷങ്ങളായി മനസിൽ സൂക്ഷിച്ചിരുന്ന മുഴുവൻ പിണക്കവും ദേഷ്യവും ഇല്ലാതാക്കാൻ
ഇതോടെ വികാരഭരിതയായ ശിഖ വിവാഹമോചനത്തിന്റെ രേഖകള്‍ കീറിയെറിഞ്ഞ ശേഷം ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിയെത്തുകയായിരുന്നു. ഇതോടെ അഞ്ച് വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ തര്‍ക്കത്തിന് അവസാനമിടുകയായിരുന്നു.

