ലോകകപ്പിന് പന്തുരുണ്ടു. മെക്‌സിക്കോയ്ക്ക് ആദ്യ വിജയം
മെക്‌സിക്കോ സിറ്റി : ലോകകകപ്പിന് പന്തുരുണ്ടു. ആദ്യ വിജയം ആതിഥേയരായ മെക്‌സിക്കോയ്ക്ക് സ്വന്തം. ഇന്നലെ ആസ്‌ടെക് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം നടന്ന ഉദ്ഘാടനമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് മെക്‌സിക്കോയുടെ ‘ പച്ചപ്പട നിശബ്ദരാക്കിയത്. തോല്‍വിക്കൊപ്പം രണ്ട് ചുവപ്പുകാര്‍ഡുകളുടെ നാണക്കേടും ദക്ഷിണാഫ്രിക്കയ്ക്ക് വഴങ്ങേണ്ടിവന്നു.ഇന്‍ജുറി ടൈമില്‍ മെക്‌സിക്കോയുടെ സെസാറും ചുവപ്പുകാര്‍ഡ് കണ്ടതോടെ മൂന്ന് റെഡ്കാര്‍ഡുകള്‍ പിറന്ന ആദ്യ ലോകകപ്പ് ഉദ്ഘാടനമത്സരവുമായി.
ഒന്‍പതാം മിനിട്ടില്‍ മെക്‌സിക്കയുടെ ജൂലിയന്‍ ക്വിനോനസാണ് ഈ ലോകകപ്പിലെ ആദ്യഗോളടിച്ചത്. 67-ാം മിനിട്ടില്‍ റൗള്‍ ജിമനേസ് ആതിഥേയരുടെ രണ്ടാം ഗോളും നേടി. സ്വന്തം ബോക്‌സില്‍ പന്തുവച്ചു കളിച്ച ദക്ഷിണാഫ്രിക്കന്‍ പ്രതിരോധത്തിന്റെ ശ്രദ്ധക്കുറവില്‍ നിന്നാണ് ക്വിനോനസ് പന്ത് തട്ടിയെടുത്ത് വലയിലാക്കിയത്.49-ാം മിനിട്ടില്‍ ബോക്‌സിന് തൊട്ടുപുറത്തുവച്ച് ഗുട്ടിറേസിനെ ഫൗള്‍ ചെയ്തതിന് ദക്ഷിണാഫ്രിക്കയുടെ ഫെഫേലോ സിതോള്‍ ഈ ലോകകപ്പിലെ ആദ്യ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 82-ാം മിനിട്ടില്‍ ദക്ഷിണാഫ്രിക്കയുടെ തെംപ സ്വാനെ വാര്‍ പരിശോധനയിലൂടെ കളിയിലെ രണ്ടാമത്തെ ചുവപ്പുകാര്‍ഡും വാങ്ങി.

