ആദ്യ ഘട്ടത്തില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറിയില്‍ മാത്രം വനിതകള്‍ക്ക് സൗജന്യയാത്ര, പദ്ധതി 15 മുതല്‍
യുഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര പദ്ധതി ജൂണ്‍ 15 മുതല്‍. ഇതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തിരുമാനിക്കും. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി ബസുകളിലും വിശദമായ പഠനത്തിനു ശേഷം രണ്ടാംഘട്ടത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും നടപ്പാക്കാനാണ് ആലോചന. എല്ലാ ബസുകളിലും നടപ്പാക്കിയാല്‍ വരുന്ന അധിക സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിനെ പിന്നോട്ടു വലിക്കുന്നത്. വരുമാന പരിധിയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യം ലഭിക്കും.
ഓര്‍ഡിനറി ബസുകളില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പ്രതിവര്‍ഷം 712 കോടി രൂപയും എല്ലാ ബസുകളിലും നടപ്പാക്കുകയാണെങ്കില്‍ 1300 കോടി രൂപയും ബാധ്യതയുണ്ടാകുമെന്നു മന്ത്രി സി.പി ജോണ്‍ അറിയിച്ചു. പെന്‍ഷനും ശമ്പളവും നല്കാന് സര്‍ക്കാര്‍ 125 കോടി രൂപ പ്രതിമാസം കെഎസ്ആര്‍ടിസിക്കു നല്‍കുന്നുണ്ട്. സൗജന്യയാത്ര പദ്ധതിക്കു വേണ്ട സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും.

