യുഎസില്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്കകം മലയാളിയായ വരന് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുഎസിലെ ജോര്‍ജിയയിലാണ് അപകടം. മൂവാറ്റുപുഴയില്‍ നിന്നും യുഎസിലേക്ക് കുടിയേറിപ്പാര്‍ത്ത ജോര്‍ജ്, ഫീബ ഫിജി ദമ്പതികളുടെ മകനാണ് മരിച്ച ഡേവ് ഫിജി (25). പരുക്കേറ്റ വധു ജെസ്നിയും ആലപ്പുഴയില്‍ വേരുകളുള്ള മലയാളി ആണ്.
ഇപ്പോഴിതാ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വധു ജെസ്നിയുടെ അനുഭവം പുറത്തുവന്നിരിക്കുകയാണ്. ഡേവിന്റെ പിതാവ് ജോര്‍ജാണ് ജെസ്നിയുടെ വാക്കുകള്‍ മാധ്യമങ്ങളുമായി പങ്കുവച്ചത്. ജെസ്നിയ്ക്ക് ബോധം വന്നപ്പോള്‍ അവശിഷ്ഠങ്ങള്‍ക്കിടയില്‍ കിടക്കുകയായിരുന്നെന്നും ഡേവ് തന്റെ നെഞ്ചത്ത് കിടക്കുകയുമായിരുന്നുവെന്ന് ജെസ്നി പറഞ്ഞു. പക്ഷെ ഡേവിനെ സ്പര്‍ശിച്ചതോടെ ശരീരം തണുത്തിട്ടുണ്ടെന്നും മരിച്ചുകഴിഞ്ഞെന്നും നഴ്സ് കൂടിയായ ജസ്നിക്ക് അപ്പോൾ തന്നെ വ്യക്തമായിരുന്നു . മുറിവുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ജസ്നിക്ക് കാര്യമായ പരുക്കുകള്‍ പറ്റിയിട്ടില്ല. എന്നാല്‍ ഡേവിന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ജെസ്നിയെന്നും ഡേവിന്റെ പിതാവ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡെല്‍റ്റാ എയര്‍ലൈന്‍സില്‍ പൈലറ്റായ ഡേവിന്റെയും, ജെസ്നിയുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം ഹെലികോപ്റ്റര്‍ യാത്രയ്ക്കിടെ അഞ്ച് സീറ്റുകളുള്ള ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടമാവുകയും ഡോവ്സണ്വില്ലില് തകര്‍ന്നുവീഴുകയുമായിരുന്നു.

