ലണ്ടൻ : സുഹൃത്തുക്കളെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 18 കാരനായ ഹെൻറി നൊവാക് എന്ന വിദ്യാർഥിയെ കത്തികൊണ്ട് കുത്തിക്കൊന്ന കേസിൽ 23 കാരനായ സിഖ് യുവാവ് വിക്രം ദിഗ്വയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ.
തിങ്കളാഴ്ച സതാംപ്ടൺ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറഞ്ഞത് 21 വർഷമെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിയിൽ പറയുന്നു.
കൊലപാതകത്തിനു ശേഷം, താൻ വംശീയ അധിക്ഷേപത്തിന് ഇരയായതാണെന്ന് പൊലീസിനോട് വിക്രം ദിഗ്വ പറഞ്ഞിരുന്നു. കൂടാതെ തന്റെ തലപ്പാവ് അക്രമികൾ തട്ടിയെറിഞ്ഞെന്നും തനിക്ക് പരുക്കേറ്റതായും ഇയാൾ പൊലീസിനോട് പറഞ്ഞു. നൊവാക് തന്നോട് നീ ഒരു മോശം മനുഷ്യനാണോ എന്ന് ചോദിച്ചതായും ഇത് തന്നെ അപമാനിക്കുന്നതായി തോന്നിയതുമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പറഞ്ഞു.
അതേസമയം കുത്തേറ്റു മരിക്കാറായ അവസ്ഥയിലായിരുന്ന ഹെൻറി നൊവാകിനെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും വിലങ്ങുവയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

