Spread the love

സീപാസ് അറിഞ്ഞില്ല ഭരണമാറ്റം, സൈറ്റില്‍ ഇപ്പോഴും ഉന്നതവിദ്യാഭ്യാസമന്ത്രി മാറിയിട്ടില്ല. പാര്‍ട്ടികോട്ട പോല സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ അഴിച്ചുപണിക്ക് നീക്കം

കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ് വാന്‍സ്ഡ് സ്റ്റഡീസ് (സിപാസ്) സംസ്ഥാനത്ത് ഭരണം മാറിയത് അറിഞ്ഞില്ല. കോട്ടയം ഗാന്ധി നഗര്‍ ആസ്ഥാനമായുളള ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിന്റെ സൈറ്റില്‍ ഇപ്പോഴും ചെയര്‍മാന്‍ സ്ഥാനത്തുളളത് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവാണ്. പുതിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ എംജിസര്‍വകലാശാലയുടെ പ്രത്യേക ബിരുദദാന സമ്മേളനത്തില്‍ പങ്കെടുത്തശേഷവും ഗാന്ധിനഗറിലുളള സ്ഥാപനം ഇക്കാര്യം അറിഞ്ഞമട്ടില്ല. എംജി സര്‍വകലാശാലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ നിയന്ത്രിക്കുന്നത് സിപാസാണ്. സിപാസ് സര്‍വകലാശാലയില്‍ നിന്നും വിരമിച്ച ഇടതു സംഘടനാ അധ്യാപകരുടെയും ജീവനക്കാരുടെയും മേച്ചില്‍പുറമാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നതാണ്.

സെറ്റിന്റെ ഹോം പേജില്‍ പോലും എംജി സര്‍വകലാശാലയില്‍ പുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവര്‍ണറും പങ്കെടുത്ത പരിപാടി ഇടം പിടിച്ചിട്ടില്ല എന്നതാണ് രസകരം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിയമനത്തിലും പര്‍ച്ചേസിനുമായി സിപാസ് നിരവധി വിജ്ഞാപനങ്ങളാണ് പുറപ്പെടുവിച്ചത്. ഇതും ചര്‍ച്ചയായിരുന്നു.

വൈവിധ്യമാര്‍ന്ന പഠന മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനപ്രതിജ്ഞാബദ്ധമാണ് സ്ഥാപനമെന്നാണ് അറിയിപ്പ്. ബിരുദ, ബിരുദാനന്തര തലങ്ങളില്‍ അനുബന്ധ മെഡിക്കല്‍, ആരോഗ്യ ശാസ്ത്രങ്ങള്‍, എഞ്ചിനീയറിംഗ്, അപ്ലൈഡ് സയന്‍സ്, ജേണലിസം, ലൈബ്രറി സയന്‍സ്, കൊമേഴ്സ്, അധ്യാപക വിദ്യാഭ്യാസം, ലൈഫ് സയന്‍സസ് തുടങ്ങിയ മേഖലകളില്‍ സമഗ്രമായ പരിശീലനം നല്‍കി വ്യക്തികളെ ശാക്തീകരിക്കുക എന്നതും ലക്ഷ്യമായി എടുത്തുപറയുന്നു..

എംജി സര്‍വകാശാലയിലെ മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രമായ എസ്എംഇ അടക്കം സിപാസിന്റെ കീഴിലാണ്.സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ (എസ്എംഇ)സ്‌കൂള്‍ ഓഫ് ടെക്‌നോളജി & അപ്ലൈഡ് സയന്‍സസ് (STAS)യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് (യുസിഇ)കോളേജ് ഓഫ് ആര്‍ട്‌സ് & കൊമേഴ്സ്,ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം,അപ്ലൈഡ് ലൈഫ് സയന്‍സ് സ്‌കൂള്‍കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവയും സിപാസിന്റെ നിയന്ത്രണത്തിലാണ്. അടുത്തയിടെ ഓഡിറ്റര്‍ പോസ്റ്റിലേക്ക് വിജ്ഞാപനം ഇറക്കിയിരുന്നു. സ്ഥാപനം പൂര്‍ണമായും പാര്‍ട്ടി കൈപ്പിടിയിലാണെന്നാണ് പരാതി.