Spread the love

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ ദുബായിലേക്ക് കടത്തി സെക്‌സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിലെ മുഖ്യ ആസൂത്രകയായ സിന്ധുവിനെ എറണാകുളം മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിച്ച സിന്ധുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം പ്രതിക്ക് വന്‍ ഗൂണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കേസിലെ ഇരകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഇവർ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് അയച്ചുകൊടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് കോളയില്‍ വെളുത്ത പൊടി കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയായിരുന്നു പീഡനം.

അതിനിടെ മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ സംഘത്തെ നിയന്ത്രിച്ചത് മാവേലിക്കര സ്വദേശിയായ ബിലാൽ എന്ന ശ്രീകുമാർ(46) ആണെന്നാണ് കണ്ടെത്തൽ.

കേസിലെ ഒന്നാംപ്രതിയായ ഗുരുവായൂർ സ്വദേശിനി സ്റ്റോയ്‌സി എന്ന സിന്ധു(56)വുമായി പരിചയത്തിലായതിന് പിന്നാലെയാണ് ഇരുവരും ചേർന്ന് മനുഷ്യക്കടത്തും പെൺവാണിഭവും ആരംഭിച്ചത്. തുടർന്ന് ദുബായ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനം വിപുലീകരിച്ചു. നേരത്തേ ദുബായിൽ ജോലിചെയ്തിരുന്ന ബിലാൽ, സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനം വിപുലീകരിച്ചതോടെ ഈ ജോലി ഉപേക്ഷിച്ച് കേരളത്തിലെത്തി പൂർണസമയവും സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും പോലീസ് പറയുന്നു.കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.