ലുധിയാന: പഞ്ചാബി ഗായിക ഇന്ദര്‍ കൗറിനെ (യശീന്ദര്‍ കൗര്‍) കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാനയിലെ മുണ്ടിയന്‍ കലന്‍ പ്രദേശത്തു നിന്നാണ് ഇവരെ അഞ്ച് ദിവസം മുന്‍പ് കാണാതായത്. കിഡ്നാപ്പ് ചെയ്യപ്പെട്ടതാകാമെന്ന സംശയത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുബ ഗ്രാമത്തിന് സമീപം ഒരു കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രിയ ഗായികയ്ക്ക് സംഭവിച്ചത് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകര്‍.
അതേസമയം ആറു ദിവസം മുമ്പ് ഇന്ദര്‍ കൗറിനെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയതായി കുടുംബം ആരോപിച്ചിരുന്നു.
മെയ് 13-ന് വൈകുന്നേരം തന്റെ ഫോര്‍ഡ് ഫിഗോ കാറില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാനായാണ് ഇന്ദര്‍ കൗര്‍ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഏറെ വൈകിയിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഗായികയുടെ സഹോദരന് ജോതീന്ദര്‍ സിംഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 15-നാണ് പോലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അതേസമയം ഇന്ദര്‍ കൗറിന്റെ തിരോധാനത്തില്‍, ഗായികയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ഭലൂര്‍ സ്വദേശിയായ സുഖ്വീന്ദര് സിംഗിനെ കുടുംബം സംശയിച്ചിരുന്നു. സുഖ്വീന്ദറിന്റെ വിവാഹാഭ്യര്‍ത്ഥന ഇന്ദര്‍ നിരസിച്ചതിനെത്തുടര്‍ന്ന്, യുവതിയോട് അയാള്‍ക്ക് വ്യക്തി വൈരാഗ്യമുണ്ടായിരുന്നതായും കുടുംബം പറയുന്നു. ഇന്ദറിനെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് സുഖ്വീന്ദര് കാനഡയില്‍ നിന്ന് പഞ്ചാബിലേക്ക് വന്നതെന്നും അവര്‍ ആരോപിച്ചു.
കൊലപാതകം നടത്തിയ ശേഷം പ്രതികളില്‍ പ്രധാനിയായ സുഖ്വീന്ദര് സിംഗ് ഇന്ത്യ വിട്ട് കാനഡയിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ അടുത്തിടെയാണ് കാനഡയില്‍ നിന്നും പഞ്ചാബില്‍ തിരിച്ചെത്തിയിരുന്നത്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള അന്താരാഷ്ട്ര നടപടികള്‍ ഉള്‍പ്പെടെ ആലോചിക്കുന്ന പോലീസ്, സംഭവത്തില്‍ വിശദമായ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

