Spread the love

മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തെ കടന്നാക്രമിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ തിരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധമാണെന്നും കോൺഗ്രസ് മുസ്ലിം ലീഗിന് കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ചെന്നിത്തലയെ ഹൈക്കമാൻഡ് തുടർച്ചയായി അവഗണിക്കുകയാണെന്നും സുകുമാരൻ നായർ തുറന്നടിച്ചു.

 

ജനാധിപത്യ മര്യാദകളോ കീഴ് വഴക്കങ്ങളോ പാലിക്കാതെയുള്ള തീരുമാനമാണ് വി.ഡി. സതീശന്റെ കാര്യത്തിൽ ഉണ്ടായതെന്ന് ജി. സുകുമാരൻ നായർ ആരോപിച്ചു. ഈ തീരുമാനമായിരുന്നു ഹൈക്കമാൻഡ് എടുക്കേണ്ടിയിരുന്നതെങ്കിൽ ജനങ്ങളെ ഇത്രയും കഷ്ടപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു. എംഎൽഎമാരുടെ ഭൂരിപക്ഷം നോക്കി തീരുമാനിക്കുമെന്ന് പറഞ്ഞിട്ട് ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

​പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിൽ മുസ്ലിം ലീഗാണ് പ്രധാനമായും സമ്മർദ്ദം ചെലുത്തിയത്. കോൺഗ്രസ് ലീഗിന് കീഴടങ്ങിയതിന്റെ സൂചനയാണിത്. ഭരണത്തിലും ലീഗ് പിടിമുറുക്കുമെന്നതിന്റെ തെളിവാണിതെന്നും സുകുമാരൻ നായർ വിമർശിച്ചു.

 

രമേശ് ചെന്നിത്തലയെ കോൺഗ്രസ് തുടർച്ചയായി അവഗണിക്കുകയാണ്. മാനദണ്ഡങ്ങൾ നോക്കിയാൽ ചെന്നിത്തലയായിരുന്നു മുന്നിൽ നിൽക്കേണ്ടിയിരുന്നത്. സതീശൻ നിലപാടുകളുടെ രാജകുമാരൻ എന്നത് പുതിയ കണ്ടുപിടുത്തമാണ്. രാജാവില്ലാത്ത കാലത്തെ രാജകുമാരനാണ് സതീശനെന്നും അദ്ദേഹം പരിഹസിച്ചു.

​കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സതീശനെ എൻഎസ്എസ് സഹായിച്ചിരുന്നു. എന്നാൽ ജയിച്ചു കഴിഞ്ഞപ്പോൾ മതനേതാക്കളുടെ തിണ്ണ നിരങ്ങരുത് എന്ന നിലപാടാണ് സതീശൻ എടുത്തത്. അതുകൊണ്ടാണ് ഇത്തവണ എൻഎസ്എസ് സമദൂര നിലപാട് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

 

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് മുമ്പും ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇത്തവണയും ലീഗിന് തന്നെ വകുപ്പ് നൽകുന്ന സ്ഥിതിയാണ്. ഇത് വർഗീയത രൂക്ഷമാകാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സതീശനെ തിരഞ്ഞെടുത്ത രീതിയിലുള്ള പ്രതിഷേധം തുടരുമെന്ന സൂചനയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വാക്കുകൾ നൽകുന്നത്