Spread the love

മുസ്ലിം ലീഗിനെതിരെ എൻഎസ്എസ് . മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.ഘടകകക്ഷികളുടെ സമ്മർദ്ദമാണ് പ്രശ്നമുണ്ടാക്കിയത്. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും സുകുമാരൻനായർ ആവശ്യപ്പെട്ടു.

 

“ഇവിടെ ആരാണ് കുഴപ്പം ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി കോൺഗ്രസ് ആണെന്ന് നേരത്തെ ധാരണ ഉള്ളതല്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു. പെരുന്നയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മുഖ്യമന്ത്രി ചർച്ചയിൽ ഘടകകക്ഷികൾ എന്തിനു ഇടപെട്ടു. അവരുടെ ഇടപെടൽ ആണ് പ്രശ്നം ഉണ്ടാക്കിയത്.കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ ലീഗിന് അടക്കം എന്ത് കാര്യം. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമാണിതെന്നും ആര് വന്നാലും സ്വീകരിക്കാൻ ഘടകകക്ഷികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു..

 

ഘടക കക്ഷികൾ സമ്മർദ്ദം ചെലുത്തിയത് അവഗണിക്കേണ്ട ഹൈക്കമാൻഡ് അവരുടെ അഭിപ്രായം തേടി. ലീഗ് അടക്കം എന്തൊക്കെയോ മുന്നിൽ കണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.ആരെയും പിന്താങ്ങണമെന്നോഎതിർക്കണമെന്നോ എന്നതിൽ ഘടകകക്ഷികൾക്ക് എന്ത് കാര്യം. ഇതിലൊക്കെ വലിയ ദുരൂഹത ഉണ്ട്. ഫ്ലെക്സ് പോസ്റ്റർ പ്രകടനം എല്ലാം ഇപ്പോഴും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ലീഗ് അടക്കം എല്ലാ ഘടകകക്ഷികളും ഇതിന് പിന്നിലുണ്ട്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ 30 സീറ്റ് യുഡിഎഫിന് കുറയും. ഇനി ഒരു ഉപതെരെഞ്ഞെടുപ്പ് വന്നാലും ഈ വികാരം ഉണ്ടാകും.102 സീറ്റിൻ്റെ മേന്മ നശിപ്പിച്ചു. ഇവിടെ ഇപ്പോൾ ഒരു ഭരണം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്കൂ‌ൾ തുറക്കാൻ പോകുമ്പോൾ എന്തെല്ലാം പ്രശ്നം. ഇതെല്ലാം പരിഹരിക്കാൻ ആളില്ല. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം. മുൻപ് തന്നെ എൻഎസ്എസ് ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

 

വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയുമായി വ്യക്തി ബന്ധമാണുള്ളത്. മുൻപ് രമേശിന് വേണ്ടി താക്കോൽ സ്ഥാനം പറഞ്ഞത് ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു.

 

ചില സമുദായ താൽപര്യങ്ങൾ കാരണമാണ് അന്ന് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചകൾ സതീശനിൽ കേന്ദ്രീകരിക്കുന്നു എന്ന അവസ്ഥയിലാണ് സുകുമാരൻ നായർ രംഗത്ത് വന്നത്. ഇടതു ഭരണകാലത്ത് നിശബ്ദമായിരുന്ന പെരുന്ന ഇപ്പോൾ അഭിപ്രായപ്രകടനം നടത്തിയത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

 

കോൺഗ്രസിന്റെ 3 മുഖ്യമന്ത്രി സ്ഥാനാർത്ഥികളും സമുദായ അംഗങ്ങൾ ആണെന്നിരിക്കെ പെരുന്നയുടെ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. സമുദായ ശക്തികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനോട് വിഡി സതീശൻ അനുകൂലിക്കാറില്ല