യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. രാഹുൽ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്.
പാർട്ടി പ്രവർത്തകർ സർക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളിൽ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹം മറുപടി പറയണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നിരുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. പത്തനംതിട്ടയിലെ രാഹുലിൻ്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. വയനാട്ടിലും പാലക്കാടും പ്രതിഷേധ മാർച്ചുകൾ നടക്കുകയാണ്.

