Spread the love

ന്യൂഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി നിർണ്ണായക യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ തുടങ്ങി. രാഹുൽ ഗാന്ധി വസതിയിൽ എത്തി. കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള അവസാനഘട്ട ചർച്ചയാണ് ഇതെന്നാണ് മനസ്സിലാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് താല്പര്യപ്പെടുന്ന കെ സി വേണുഗോപാൽ ന്യൂഡൽഹിയിൽ തന്നെയുണ്ട്. വിഡി സതീശന്റെ എറണാകുളത്തെയും രമേശ് ചെന്നിത്തലയുടെ  തിരുവനന്തപുരത്തെയും വസതികളിൽ പ്രവർത്തകർ തടിച്ചു കൂടിയിട്ടുണ്ട്.

ഈ കൂടിക്കാഴ്‌ചക്ക് ശേഷം കേരളത്തിലെ മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

 

എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റുമാരും മൂന്നേകാലിനുള്ള വിമാനത്തിൽ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് തിരിച്ചു

 

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച അന്തിമ ആശയവിനിമയം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലായിരിക്കും നടക്കുക. മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ അഭിപ്രായങ്ങളും എ.ഐ.സി.സി നിരീക്ഷകർ നൽകിയ റിപ്പോർട്ടും പരിഗണിച്ചായിരിക്കും പതിനാറാം നിയമസഭയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്.

 

മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്‌ലിം ലീഗിന്റെ നിലപാടും ഹൈക്കമാൻഡ് ഗൗരവമായി കണക്കിലെടുക്കുന്നുണ്ട്. ഇന്ന് രാത്രിയോടുകൂടി പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രഖ്യാപനം ഡൽഹിയിൽ നിന്നാണോ അതോ കേരളത്തിൽ വെച്ചാണോ എന്ന കാര്യത്തിൽ മാത്രമാണ് ഇനി വ്യക്തതവരാനുള്ളത്.