പിഎസ് സി പരീക്ഷയിലെ വഴിവിട്ട നീക്കം നിയമനം, ക്രൈംബ്രാഞ്ച അന്വേഷിക്കും
തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാര്‍ ഭരണകാലത്ത് പിഎസ് സി നടത്തിയ കെഎഎസ് പരീക്ഷ ഉള്‍പ്പടെ വിവാദത്തിലായ സാഹചര്യത്തിലാണ്. ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ വഴിവിട്ട നടപടികള്‍ സ്വീകരിച്ചു എന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ഇത്. പിഎസ് സിയുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ക്ക് പിഎസ് സിയുടെ പുറത്തേക്ക് നീണ്ട സാഹചര്യത്തിലാണ് ഇത്. നിയമവകുപ്പ് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ ഉപദേശം അനുസരിച്ചാണ് അന്വേഷണ ഉത്തരവ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.പരീക്ഷയിലെ മാര്‍ക്ക് മറികടക്കാന്‍ അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്ന ആക്ഷേപവുമുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പരിശോധിക്കും. സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്ത് അദാനി ഗ്രൂപ്പ് 49 ശതമാനം ഓഹരി വിദേശ കമ്പനിയായ എംഎസ് സിക്കു നല്‍കാന്‍ മുന്‍കൂര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പരിശോധിച്ച് നിര്‍ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. കമ്മിറ്റിയുടെ നിര്‍ദേശം മന്ത്രിസഭ വീണ്ടും പരിശോധിക്കും. കേരളത്തിന്റെ താല്‍പര്യം ബലികഴിച്ചുകൊണ്ടുള്ള ഒരു തീരുമാനവും ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. അദാനി ഗ്രൂപ്പ് ഓപ്പറേറ്റര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
100 ദിവസ കര്‍മപരിപാടി നടപ്പാക്കുന്നതിനായി ഒരു ഓപ്പണ്‍ പോര്‍ട്ടല്‍ സജ്ജമാക്കും. പൊതുജനങ്ങള്‍ക്കുള്‍പ്പെടെ ഇതു പരിശോധിച്ച് പദ്ധതിയുടെ നടത്തിപ്പിന്റെ പുരോഗതി അറിയാന്‍ കഴിയും. മന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു.

