Spread the love

തമിഴ്‌നാട്ടില്‍ ഇനി വിജയ് യുഗം, ദളപതി ഇനി ഭരണനായകന്‍, സത്യപ്രതിജ്ഞ രാവിലെ 10ന്, രാഹുല്‍ ഗാന്ധി പങ്കെടുക്കും

ദളപതി വിജയ് തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രി. ഇന്ന് രാവിലെ 10ന് നെഹ്‌റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് പിന്തുണയിലുളള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കും.ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഭൂരിപക്ഷത്തിന്റെ അനിശ്ചിതത്വം ഒടുവില്‍ വഴിമാറുകയായിരുന്നു

 

ഇന്നലെ വൈകിട്ട് ആറരയോടെ ലോക്ഭവനിലെത്തിയ വിജയ് 120 എം.എല്‍.എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ ആര്‍ലേക്കര്‍ക്ക് കൈമാറി. 13നകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. ഇതു നാലാം വട്ടമാണ് വിജയ് സത്യപ്രതിജ്ഞയ്ക്ക് അനുവാദം തേടിയെത്തുന്നത്.

ഇന്നലെ രണ്ട് എം.എല്‍എമാര്‍ വീതമുള്ള വി.സി.കെയുടെയും മുസ്ലിം ലീഗിന്റെയും കത്ത് കിട്ടിയതോടെയാണ് പിന്തുണ 120 ആയത്. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ മതി.

ടി.വി.കെയ്ക്ക് 107 സീറ്റാണ്. അഞ്ച് അംഗങ്ങളുള്ള കോണ്‍ഗ്രസും രണ്ടുപേര്‍ വീതമുള്ള സി.പി.എമ്മും സി.പി.ഐയും നേരത്തേ പിന്തുണ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് മാത്രമേ മന്ത്രിസഭയില്‍ ചേരുന്നുള്ളൂ.വിജയ് കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് അറിഞ്ഞതോടെ തമിഴ്‌നാട്ടിലെങ്ങും ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

ഇന്നലെ രാത്രി 7.15ന് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ ഗവര്‍ണര്‍ തീരുമാനിച്ചിരുന്നതിനാല്‍ വിജയ്യെ കാണാനാകില്ലെന്ന നിലപാടിലായിരുന്നു വൈകിട്ട് 4 വരെ ലോക്ഭവന്‍. വീട്ടില്‍ നിന്നു പുറപ്പെട്ട വിജയ് പാതിവഴിയില്‍ മടങ്ങുകയും ചെയ്തു. എന്നാല്‍, കുറച്ചു നേരത്തിനു ശേഷം ആര്‍ലേക്കര്‍ യാത്ര റദ്ദാക്കി വിജയ്യെ ക്ഷണിച്ചു. പിന്തുണ നല്‍കിയ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് വിജയ് ലോക്ഭവനില്‍ എത്തിയത്. ഇന്ന് വൈകിട്ട് 3.15നായിരുന്നു ആദ്യം സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്. ഗവര്‍ണറുടെ സൗകര്യം പരിഗണിച്ചാണ് രാവിലെയാക്കിയത്.

9 മന്ത്രിമാരും ഇന്ന്അധികാരമേല്‍ക്കുംടി.വി.കെ സംസ്ഥാന നേതാക്കളായ ബുസി ആനന്ദ്, ആധവ് അര്‍ജുന, നിര്‍മ്മല്‍കുമാര്‍, സെങ്കോട്ടയ്യന്‍ തുടങ്ങിയവരും കോണ്‍ഗ്രസിലെ ഒരംഗവുമുള്‍പ്പെടെ 9 മന്ത്രിമാരും ഇന്ന് അധികാരമേല്‍ക്കും.