Spread the love

കാസർകോട്: ചൂട് വർധിച്ചതോടെ , സംസ്ഥാനത്ത് നിരവധി പാമ്പ് കടിയേറ്റ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാമ്പുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു വാര്‍ത്തയാണ് കാസര്‍കോട് അടൂരില്‍ നിന്ന് വരുന്നത്.

രണ്ടാഴ്ചയോളം തുറക്കാത്ത മേശ വലിപ്പ് തുറന്നപ്പോൾ കണ്ടത് സ്വർണ മോതിരമിട്ട പാമ്പിനെ. അകത്തുള്ളത് ചേരയാണെന്നു വീട്ടുകാർ തിരിച്ചറിഞ്ഞെങ്കിലും പാമ്പുകടിയേറ്റ് മരണങ്ങൾ കൂടിയ ഈ സാഹചര്യത്തിൽ ആശങ്ക അകറ്റാൻ സർപ്പ വളണ്ടിയർമാരെ വിളിപ്പിച്ചു. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്.

രവി മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരം ചേരയുടെ ശരീരത്തിൽ കൂടുങ്ങിയ നിലയിലായിരുന്നു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.

മോതിരം കുടുങ്ങിയതിനാൽ പാമ്പ് അവശനിലയിലായിരുന്നു. പിന്നാലെ കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി. പിന്നീട് പാമ്പിനെ കാട്ടിനകത്തേക്ക് അയച്ചു. രവിയുടെ പുതിയ വീടിന്റെ നിർമാണം നടക്കുന്നതിനാൽ ഇതിനിരികിലായി നിർമിച്ച ഷെഡ്ഡിലാണ് ഇപ്പോൾ താമസിക്കുന്നത്. ഈ ഷെഡ്ഡിനകത്തുള്ള തടി അലമാരയിലാണ് പാമ്പ് കയറിയത്.