തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവി എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാടിനെതിരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇടത് അനുകൂല സൈബർ ഹാൻഡിലുകളിൽ നിന്നുള്ള അധിക്ഷേപത്തിന o ആക്രമണത്തിനും എതിരെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ ഡിജിപിക്ക് പരാതി നൽകി. നേരത്തെ റിപ്പോർട്ടർ ഇനിയും പരാതി നൽകിയിരുന്നു.
എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ കഴിഞ്ഞ രണ്ടുദിവസമായി സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി റിപ്പോര്‍ട്ടര്‍ ടി വി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു, വിദ്വേഷ പ്രചാരണം എന്നിവ ചൂണ്ടിക്കാട്ടി ഇടതുസൈബര്‍ പ്രൊഫൈലുകളായ അര്ജുന് ആയങ്കി, അഡ്വ. വൈശാഖന് എന്‍ വി എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് പരാതി നല്‍കിയത്.
പത്രപ്രവർത്തക യൂണിയനും പരാതി നൽകി. പരാതിയുടെ പൂർണ്ണരൂപം
സംസ്ഥാന പൊലീസ് മേധാവി,
പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ്,
തിരുവനന്തപുരം
സര്,
തെരഞ്ഞെടുപ്പിനെ തുടർന്ന് വാർത്തയുടെയും നിരീക്ഷണങ്ങളുടെയും പേരിൽ മാധ്യമപ്രവർത്തകർക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽ സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവി എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാടിനെതിരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ അധിക്ഷേപവും സൈബര്‍ ആക്രമണവുമാണ് അരങ്ങേറുന്നത്. സ്ത്രീത്വത്തെ കടുത്ത ഭാഷയില്‍ അപമാനിക്കുന്ന വാക്കുകള്‍ക്കൊപ്പം വിദ്വേഷം പ്രചരിപ്പിക്കുന്നത് കൂടിയാണ് ഇത്തരം ഫേസ്ബുക് പോസ്റ്റുകളുടെ ഉള്ളടക്കം. അര്ജ്ജുന് ആയങ്കി എന്ന ഫേസ്ബുക് പ്രൊഫൈലില്‍ നിന്നാണ് ഇത്തരം ഒരു പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
കടുത്ത അശ്ലീല പരാമര്‍ശവും അസഭ്യവര്‍ഷവുമാണ് അര്ജ്ജുന് ആയങ്കി എന്ന ഫേസ്ബുക് പ്രൊഫൈല്‍ പ്രസിദ്ധീകരിച്ച ഫേസ്ബുക് പോസ്റ്റിലുള്ളത്. സ്മൃതി പരുത്തിക്കാടിനെതിരെ ശാരീരിക അതിക്രമത്തിനും ആഹ്വാനം ചെയ്യുന്നതാണ് ഈ സൈബര്‍ ആക്രമണ പോസ്റ്റിന്റെ ഉള്ളടക്കം. അര്ജ്ജുന് ആയങ്കി എന്ന പ്രൊഫൈലില്‍ നിന്ന് സ്മൃതി പരുത്തിക്കാടിന്റെ ചിത്രം എഐ സാങ്കേതികത ഉപയോഗപ്പെടുത്തി വികലമാക്കുകയും ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകയായ സ്മൃതി പരുത്തിക്കാടിനെ സമൂഹമധ്യത്തില്‍ അപമാനിക്കുകയാണ് ഇവരുടെ ഉദ്ദേശം എന്നത് വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റിലെ പരാമർശങ്ങൾ.
അര്ജ്ജുന് ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി ഫേസ്ബുക് പ്രൊഫൈലുകളില്‍ നിന്നായി രൂക്ഷമായ വ്യക്തി അധിക്ഷേപവും സ്ത്രീത്വത്തിനെതിരായ അവഹേളനവുമാണ് സ്മൃതി നേരിടുന്നത്. അഡ്വ. വൈശാഖ് എന്‍വി എന്ന പ്രൊഫൈലില്‍ നിന്നും ഇത്തരം വ്യക്തി അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ രണ്ട് ഫേസ്ബുക് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പല ഗ്രൂപ്പുകളിലും ഇവ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്.
മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തിനും ഭീഷണി ഉയർത്തുന്നതാണ് ഈ സൈബർ ആക്രമണങ്ങൾ. ആസൂത്രിതമായ ഈ സൈബർ കുറ്റകൃത്യങ്ങൾ കർക്കശമായി കൈകാര്യം ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
ഇത്തരം ഫേസ്ബുക് പോസ്റ്റുകളുടെ പ്രൊഫൈല്‍ ഉടമകള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത, ഐടി നിയമം തുടങ്ങിയ നിയമങ്ങളിലെ അനുബന്ധ വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും കുറ്റക്കാരായവര്‍ക്ക് മാതൃകാപരമായ ശിക്ഷാനടപടി പൊലീസ് ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. സൈബര്‍ അതിക്രമം ഉള്‍പ്പെടുന്ന സാമൂഹിക മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് എത്രയും വേഗം നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ടി സാമൂഹിക മാധ്യമ പോസ്റ്റുകളുടെയും പ്രൊഫൈലുകളുടെയും ലിങ്ക് പരാതിക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

