Spread the love

മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്. വിദ്യാർത്ഥിയുടെ ഇടിയേറ്റ് മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്.

ഏപ്രിൽ 12 നാണു സംഭവം നടന്നത്. ലബോറട്ടറിയിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ കമ്പ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗെയിം കളിക്കുന്നത് സ്മിതയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് അദ്ധ്യാപിക പലതവണ താക്കീത് നൽകിയിട്ടും വിദ്യാർത്ഥി ഇത് കൂട്ടാക്കിയില്ല. ഇതോടെ കുട്ടി ഗെയിം കളിക്കുന്ന വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് അധ്യാപിക പറഞ്ഞു. ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി സ്മിതയുടെ ഫോൺ പിടിച്ചുവാങ്ങി എറിയുകയും മുഖത്തും മൂക്കിലും തുടർച്ചയായി ഇടിക്കുകയുമായിരുന്നെന്ന് ഭർത്താവ് ദീപക് പറയുന്നു.

രക്തംവാർന്ന് ബോധരഹിതയായ ഇവരെ മറ്റ് അധ്യാപകരാണ് ആംബുലൻസിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പ്രഥമശുശ്രൂഷ നൽകിയ ശേഷം കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.