Spread the love

കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് തിരിച്ചെത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയ അദ്ദേഹം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മടക്കം.

ഇടതുമുന്നണിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് കാരാട്ട് റസാഖ് പറഞ്ഞു. സി.പി.എമ്മിന് ഒപ്പം നില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും, മുന്‍ എം.എല്‍.എമാരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ ഇടതുപക്ഷം വിട്ടുപോകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഹയാത്രികര്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ് അവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016ലാണ് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കാരാട്ട് റസാഖ് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് കൊടുവള്ളി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം ലീഗ് സ്ഥാനാര്‍ത്ഥി എം.എ. റസാഖിനെ 571 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയിരുന്നു. എന്നാല്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡോ. എം.കെ. മുനീറിനോട് അദ്ദേഹം പരാജയപ്പെട്ടു.

ഇടക്കാലത്ത് ഐ.എന്‍.എല്ലില്‍ ചേരാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അത് ഫലവത്തായിരുന്നില്ല. കുറെക്കാലമായി ഇടതുമുന്നണി നേതൃത്വവുമായി അകൽച്ചയിൽ ആയിരുന്നു.