കൊല്ലം: പട്ടാപ്പകൽ കരുനാഗപ്പള്ളിയിൽ നടുറോഡിൽ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചത് പ്രദേശത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക. സംഭവത്തിൽ നാലുപേരെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയും പ്രതികൾക്ക് സഹായം നൽകിയ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേർ നിലവിൽ ചവറ പൊലീസ് സ്റ്റേഷനിലുണ്ട്. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വയനകം സംഘവും കടത്തൂർ സംഘവും തമ്മിലുള്ള ഗുണ്ടാപകയാണ് പിന്നിലെന്നാണ് വിവരം.
ജിം സന്തോഷ് കൊലപാതക കേസിൽ ഒന്നാം പ്രതിയാണ് അതുൽ. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം മടങ്ങുമ്പോൾ അതുൽ രണ്ടുപേരെ കൂടി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അവരാണ് കൊലപാതകത്തിന്റെ പിന്നിൽ എന്നാണ് സൂചന. ആളുകളോട് ക്രൂരമായി പെരുമാറുന്ന പ്രത്യേക സൈക്കോ രീതിയായിരുന്നു അതുലിന്. ഹൽവ ഏറെ ഇഷ്ടമായതിനാൽ എപ്പോഴും ഹൽവ കഴിക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെ അലുവ അതുൽ എന്ന പേര് വീണു.
ഇന്ന് ഉച്ചയോടെയാണ് അതുലിനെ വെട്ടിക്കൊന്നത്. ജാമ്യത്തിലിറങ്ങിയശേഷം സ്റ്റേഷനിൽപോയി മടങ്ങുകയായിരുന്നു അതുൽ. കാറിലെത്തിയ സംഘം അതുൽ സഞ്ചരിച്ച കാറിനെ ഇടിച്ചു കുഴിയിലേക്ക് ഇട്ടു. പിന്നീട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

