തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. അനന്തപുരി യാഗശാലയായി മാറി കഴിഞ്ഞു.
കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമായ ഇന്ന് രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങ് നടന്നു.
ഉച്ച തിരിഞ്ഞ് 2.15 നാണു നിവേദ്യ സമർപ്പണം. അതേസമയം ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകുക.

