Spread the love

മലപ്പുറം : നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. നിലമ്പൂര്‍ മുക്കട്ടയിൽ താമസിക്കുന്ന സമീനയാണ് പ്രതി.

തിങ്കളാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചു വിഴുങ്ങിയത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മോഷ്ടിച്ച മാല ഇനിയും ലഭിച്ചിട്ടില്ല. ഇതോടെ മാല പുറത്തുവരുന്നതും കാത്ത് ആശുപത്രിയില്‍ സമീനയ്ക്കൊപ്പമുള്ള വനിതാ പോലീസിന്റെ കാവല്‍ മൂന്നാം ദിവസത്തിലേക്കു കടന്നു.

കുട്ടിയെ കാണിക്കാൻ രക്ഷിതാക്കൾ കാത്തിരിക്കുന്നതിനിടെ കുട്ടിയെ താലോലിച്ചായിരുന്നു മോഷണം. എന്നാൽ കുട്ടിയുടെ മാല നഷ്ടപ്പെട്ടു എന്നു മനസ്സിലാക്കിയ രക്ഷിതാക്കൾ പരിശോധനയ്ക്ക് ഒരുങ്ങിയപ്പോഴാണ് സമീന മാല വിഴുങ്ങിയത്. കോടതിയിൽ ഹാജരാക്കി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി പൊലീസിൻ്റെ നിരീക്ഷണത്തിൽ തുടരുകയാണ് സമീന.