എബിവിപി സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി യദു കൃഷ്ണനെയും തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന നാലാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംഘടന തെരഞ്ഞെടുപ്പ് വരണാധികാരി ഡോ. എം.നാഗലിംഗം തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്‍കി. രണ്ടു ദിവസത്തെ സമ്മേളനം ഇന്നു റാലിയോടെ സമാപിക്കും.
സ്വ. വിശാല്‍ നഗറില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി രാജ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശിയായ ഡോ. വൈശാഖ് സദാശിവന്‍ കെമിസ്ട്രിയില്‍ ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട്. നിലവില്‍ ആലപ്പുഴ സനാതന ധര്‍മ കോളെജില്‍ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് യദുകൃഷ്ണന്‍. ബിസിഎ ബിരുദവും നിയമ പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
2015 മുതല്‍ എബിവിപി പരിചയം. 2019 മുതല്‍ പൂര്‍ണസമയ പ്രവര്‍ത്തകന്‍. നഗര്‍ പ്രസിഡന്റ്, വയനാട് ജില്ലാ സെക്രട്ടറി, നഗര്‍ സംഘടനാ സെക്രട്ടറി, കോഴിക്കോട് ജില്ലാ സംഘടനാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്‌റ് സെക്രട്ടറി, ദേശീയ നിര്‍വ്വാഹക സമിതി അംഗം, തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്കരണവും വികസന കാഴ്ചപ്പാടുകളും, ദേശീയ ഗീതം വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികം, ഭാരതത്തിന്റെ ഭരണഘടനയുടെ 75ാം വര്‍ഷവും അടിയന്തിരാവസ്ഥാ കാലഘട്ടത്തിന്റെ 50-ാം വര്‍ഷവും, RSS ന്റെ ശതാബ്ദി വര്‍ഷം, പ്രൊഫ യശ്വന്ത് റാവു കേല്‍ക്കര്‍ 100-ാം ജന്മവാര്‍ഷികം തുടങ്ങി നിരവധി വിഷയങ്ങള്‍ അക്ഷര നഗരിയിലെ 41-ാം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യും.
വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവലോകനവും ഭാവി പരിപാടികളും ചര്‍ച്ച ചെയ്യും. എബിവിപി ദേശീയ തലത്തില്‍ നടത്തുന്ന ഹോസ്റ്റല്‍ സര്‍വ്വേയ്ക്കും”Screen time to activity time’ എന്ന ക്യാമ്പയിനും സമ്മേളനത്തോട് കൂടി തുടക്കമാകും. പ്രതിനിധി സമ്മേളനത്തോടൊപ്പം പ്രമേയങ്ങളും വിഷയാവതരണങ്ങളും റിപ്പോര്‍ട്ട് അവതരണവും പൊതുസമ്മേളവും റാലിയും മികച്ച യുവ പ്രതിഭയെ ആദരിക്കുന്ന യുവ പുരസ്‌കാര ചടങ്ങും ഉള്‍പ്പെടെ വിവിധ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന വിഷയത്തില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനും സംവിധായകനുമായ മേജര്‍ രവി സംസാരിച്ചു.

