Spread the love

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി പുഞ്ചിരിയോടെ ജയിലിനു പുറത്തേക്ക്

 

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി . വ്യാഴം വൈകുന്നേരമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജയിലില്‍ നിന്നിറങ്ങിയത്. കട്ടിളപ്പാളി കേസില്‍ ഇന്ന് പോറ്റിക്ക് ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ദ്വാരപാലക കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്ന സമയത്തെല്ലാം ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധിളോടെയാണ് ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കാത്ത് കുടുംബാംഗങ്ങള്‍ പുറത്തുണ്ടായിരുന്നു. ജയിലിന് പുറത്തിറങ്ങിയതിന് പിന്നാലെ കാറില്‍ കയറി പോയി. അതേസമയം മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.

ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ ജാമ്യം ലഭിക്കുന്ന നാലാമത്തെ പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ റിമാന്‍ഡിലായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.അതേസമയം, പോറ്റിക്ക് ജാമ്യം ലഭിച്ചാലുടന്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചേക്കും. മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.