Spread the love

വീണ്ടും ഇന്ധന സ്വിച്ച് തകരാര്‍:യാത്രക്കാരുടെ ഭാഗ്യം, അഹമ്മദാബാദ് ആവര്‍ത്തിച്ചില്ല.

ബാംഗ്‌ളൂര്‍ : അഹമ്മദാബാദ് വിമാന ദുരന്തത്തിന് സമാനമായ സാങ്കേതിക പ്രശ്‌നം എയര്‍ ഇന്ത്യയുടെ മറ്റൊരു ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലെത്തിയ എ.ഐ 132 വിമാനവുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട്.കോക്പിറ്റിലെ ഇന്ധന നിയന്ത്രണ സ്വിച്ചില്‍ പൈലറ്റ് തകരാര്‍ കണ്ടെത്തുകയായിരുന്നു. വിമാനം പരിശോധനയ്ക്കായി മാറ്റി. എപ്പോഴാണ് പ്രശ്‌നം കണ്ടെത്തിയതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. 260 പേരാണ് അഹമ്മദാലില്‍ വിമാനഅപകടത്തില്‍ കത്തിയമര്‍ന്നത്.

ലണ്ടനില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പേ പൈലറ്റ് എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്ത് പരിശോധിക്കവെയാണ് തകരാര്‍ കണ്ടെത്തിയതെന്ന് ഒരു എന്‍.ജി.ഒ വെളിപ്പെടുത്തി. ഇടത് എന്‍ജിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ‘റണ്‍ ‘ പൊസിഷനില്‍ നിലനിറുത്താന്‍ കഴിഞ്ഞില്ലെന്നും രണ്ടുതവണ ശ്രമിച്ചിട്ടും ‘കട്ട് ഓഫ്’ പൊസിഷനിലേക്ക് നീങ്ങിയെന്നും എന്‍.ജി.ഒ ആരോപിച്ചു. ടേക്ക് ഓഫിന് പിന്നാലെ സ്വിച്ചുകള്‍ കട്ട് ഓഫ് പൊസിഷനിലേക്ക് മാറിയതാണ് അഹമ്മദാബാദ് ദുരന്തത്തിന് വഴിവച്ചത്.ഒരു എന്‍ജിനിലേക്കുള്ള സ്വിച്ച് കട്ട് ഓഫ് ആയാല്‍ വിമാനം തകരില്ല. രണ്ടാം എന്‍ജിനിന്റെ സഹായത്താല്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താം.

രണ്ട് എന്‍ജിനിലേക്കുമുള്ള സ്വിച്ച് ഒരേസമയം കട്ട് ഓഫ് ആയാല്‍ ഇന്ധന പ്രവാഹം വിച്ഛേദിക്കപ്പെടും. വിമാനം കുത്തനെ താഴേക്ക് പതിക്കും. അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണമായി കണ്ടെത്തിയത് ഇതാണ്.സ്വിച്ചുകള്‍ തനിയെ നീങ്ങുന്നതിന്റെ കാരണം കുഴപ്പിക്കുന്നു. രണ്ടു എന്‍ജിനുകള്‍ക്കും വെവ്വേറെയാണ് സ്വിച്ചുകള്‍. സ്ഥാനം മാറ്റാന്‍ പൈലറ്റ് കൈകൊണ്ട് മുകളിലേക്ക് ബലം കൊടുത്ത് ഉയര്‍ത്തണം. തുടര്‍ന്നാണ് പൊസിഷന്‍ മാറ്റുന്നത്. അഹമ്മദാബാദ് ദുരന്തത്തില്‍ പൈലറ്റുമാര്‍ തൊടുക പോലും ചെയ്യാതെയാണ് സ്വിച്ച് കട്ട് ഓഫ് ആയതെന്നാണ് നിഗമനം. പുതിയ സംഭവത്തോടെ ബോയിംഗ് കമ്പനി വീണ്ടും വിഷയത്തില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.